ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് പിന്‍വലിച്ച ഹൈക്കോടതി വിധിയില്‍ പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ബിസിസിഐ.
കോടതി വിധിയെ സംബന്ധിച്ച് ബിസിസിഐയുടെ നിയമവിഭാഗം പഠിക്കുമെന്നും ഇതിനുശേഷം ഉചിതമായ വേദിയില്‍ പ്രതികരിക്കുമെന്നും ഉചിതമായ സമയത്ത് ബിസിസിഐ വക്താവ് വ്യക്തമാക്കി.
ഒത്തുകളി കേസില്‍ കോടതി വെറുതെ വിട്ട ശ്രീശാന്തിനെ ക്രിക്കറ്റില്‍നിന്നു മാറ്റി നിര്‍ത്തിയത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബിസിസിഐയുടെ നടപടി ഹൈക്കോടതി റദ്ദു ചെയ്തത്. കേസിലുള്‍പ്പെട്ട ജിജു ജനാര്‍ദ്ദനന്റെ കുറ്റസമ്മതമൊഴി വിശ്വാസ യോഗ്യമല്ലെന്നും ബിസിസിഐ സുതാര്യമായി പ്രവര്‍ത്തിക്കണമെന്നും കോടതി നിരീക്ഷിച്ചു.
2013-ലെ ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ കോടതി കുറ്റവിമുക്തരാക്കി. പക്ഷേ, വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായിരുന്നില്ല. ഇതിനെതിരേയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.