മുംബൈ: ഇന്ത്യയ്ക്ക് വേണ്ടി അത്ലറ്റിക്സില്‍ ആദ്യ സ്വര്‍ണം നേടിത്തന്ന ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഒരുകോടി രൂപ സമ്മാനമായി നല്‍കുമെന്ന് ബിസിസിഐ. 2008 ല്‍ ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിംപിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന ഇന്ത്യക്കാരനാണ് നീരജ് ചോപ്ര. ടോക്യോ ഒളിമ്പിക്‌സില്‍ ഇതുവരെ ഇന്ത്യ ആറ് മെഡലുകളാണ് നേടിയത്.
2012 ലണ്ടന്‍ ഒളിംപിക്സിലാണ് ഇതിന് മുമ്പ് ഇന്ത്യ ആറ് മെഡലുകള്‍ നേടിയത്. അണ്ടര്‍ 20 ലോകചാമ്പ്യനും ഏഷ്യന്‍ ഗെയിംസ് ചാംപ്യനുമായിരുന്നു നീരജ്. 88.07 മീറ്ററാണ് സീസണില്‍ നീരജിന്റെ മികച്ച ദൂരം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയിലാണ് നീരജ് ഈ ദൂരം താണ്ടിയത്.
വനിതകളുടെ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാ ഭായ് ചാനുവിനും പുരുഷ ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ രവികുമാര്‍ ദഹിയക്കും 50 ലക്ഷം രൂപ വീതവും വനിത ബോക്സിങില്‍ വെങ്കലം നേടിയ ലവ്ലിനയ്ക്കും പുരുഷ ബോക്സിങില്‍ വെങ്കലം നേടിയ ബജ്രംഗ് പൂനിയക്കും ബാഡ്മിന്റണില്‍ വെങ്കലം നേടിയ പി.വി. സിന്ധുവിനും 25 ലക്ഷം രൂപയും നല്‍കുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. കൂടാതെ വെങ്കല മെഡല്‍ നേടിയ പുരുഷ ഹോക്കി ടീമിന് 1.25 കോടി രൂപ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.