മുംബൈ: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വമ്പന്‍ സഹായം പ്രഖ്യാപിച്ച് ബിസിസിഐ. കൊവിഡ് പ്രതിരോധത്തിനായി 10 ലിറ്റര്‍ വീതമുള്ള രണ്ടായിരം ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ സംഭാവന ചെയ്യുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു.
അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കുമെന്നും ബിസിസിഐ ട്വിറ്ററില്‍ വ്യക്തമാക്കി. കൊവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നടത്തുന്ന പ്രവര്‍ത്തനങ്ങളെ ബിസിസിഐ അഭിനന്ദിച്ചു.
ആരോഗ്യ പ്രവര്‍ത്തകരാണ് രാജ്യത്തിന്റെ മുന്‍നിര പോരാളികളെന്നും അവരെ സംരക്ഷിക്കാന്‍ സാധ്യമാവുന്നതെല്ലാം ചെയ്യണമെന്നും ബിസിസിഐ വ്യക്തമാക്കി. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അത്യാവശ്യക്കാരെ കണ്ടെത്തി ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്നും എല്ലാവരും തോളോടു തോള്‍ ചേര്‍ന്ന് നിന്ന് ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കണമെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.
മഹാമാരിയെ ചെറുക്കാന്‍ ക്രിക്കറ്റ് ലോകത്തു നിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ഗാംഗുലി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി കളിക്കാര്‍ വ്യക്തിപരമായി സഹായങ്ങള്‍ നല്‍കിയിരുന്നെങ്കിലും ലോകത്തിലെ തന്നെ ഏറ്റവും സമ്പത്തുള്ള കായിക സംഘടനകലിലൊന്നായ ബിസിസിഐ സഹായവുമായി മുന്നോട്ടു വരാതിരുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.