ബിസിസിഐയുടെ ആജീവനാന്ത വിലക്ക് നീക്കി ; ശ്രീശാന്തിന് ഇനി ക്രിക്കറ്റ് കളിക്കാം

കൊച്ചി: ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്ന് മലയാളി താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി.

ബിസിസിഐയുടെ നടപടി സ്വാഭാവികനീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാൽ നടപടി തുടരാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിധികേൾക്കാൻ ശ്രീശാന്ത് കോടതിയിൽ എത്തിയിരുന്നു.

ഐപിഎല്‍ ആറാം സീസണില്‍ ഒത്തുകളിവിവാദത്തെ തുടര്‍ന്ന് 2013 ഒക്ടോബറിലാണ് ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്.

ദേശീയ, രാജ്യാന്തര മല്‍സരങ്ങളിലുള്‍പ്പെടെ വിലക്കേര്‍പ്പെടുത്തിയതിന് പുറമെ ബിസിസിഐയുടെ കീഴിലുളള സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനും ശ്രീശാന്തിനെ തടഞ്ഞിരുന്നു.

തനിക്ക് വാദങ്ങള്‍ ഉന്നയിക്കാന്‍ മതിയായ അവസരം നല്‍കാതെ ഏര്‍പ്പെടുത്തിയ വിലക്ക് ഭരണഘടനാവകാശം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീശാന്തിന്റെ ഹര്‍ജി.

Top