ഐപിഎല്‍ 2022 സീസണ്‍ അടുത്ത മാസം 26ന് ആരംഭിക്കുമെന്നു ബി.സി.സി.ഐ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 സീസണ്‍ അടുത്ത മാസം 26ന് ആരംഭിക്കുമെന്നു ബി.സി.സി.ഐ. അറിയിച്ചു. ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അഭ്യര്‍ഥന മാനിച്ചാണ് പുതുക്കിയ തീയതി പ്രഖ്യാപിച്ചത്. വാരാന്ത്യമായ ശനിയാഴ്ച ലീഗ് ആരംഭിക്കുന്ന രീതിയില്‍ ഫിക്‌സ്ചര്‍ ക്രമീകരിക്കണമെന്നായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ആവശ്യം.

ഇത് ഇന്നു ചേര്‍ന്ന ഐ.പി.എല്‍. ഗവേണിങ് കമ്മിറ്റി യോഗം അംഗീകരിക്കുകയായിരുന്നു. നേരത്തെ മാര്‍ച്ച് 29ന് ലീഗ് ആരംഭിക്കാനായിരുന്നു ആലോചിച്ചിരുന്നത്. പുതുക്കിയ ഫിക്‌സ്ചര്‍ പ്രകാരം മേയ് 29നാണ് ഫൈനല്‍ അരങ്ങേറുക.

ഗ്രൂപ്പ് മത്സരങ്ങളുടെ തീയതിയും വേദികളും മാത്രമാണ് നിശ്ചിയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാലു വേദികളിലായാണ് ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുക. മുംബൈയിലെ വാങ്ക്‌ഡെ സ്‌റ്റേഡിയം, ബ്രാബോണ്‍ സ്‌റ്റേഡിയം, ഡി.വൈ പാട്ടീല്‍ സ്‌റ്റേഡിയം, പുനെയിലെ എം.സി.എ. സ്‌റ്റേഡിയം എന്നിവയാണ് ഗ്രൂപ്പ് മത്സരങ്ങള്‍ക്കു വേദിയാകുന്നത്.

മുംബൈയില്‍ 55 മത്സരങ്ങളും പുനെയില്‍ 15 മത്സരങ്ങളുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ 20 മത്സരങ്ങള്‍ വീതം വാങ്ക്‌ഡെയിലും ബ്രാബോണിലും 15 മത്സരങ്ങള്‍ വീതം ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തിലും എം.സി.എ. സ്‌റ്റേഡിയത്തിലുമായി നടക്കും.

പ്ലേ ഓഫ് മത്സരങ്ങളുടെ വേദിയും തീയതിയും പിന്നീട് പ്രഖ്യാപിക്കുമെന്നു ഐ.പി.എല്‍. ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ അറിയിച്ചു. പ്ലേ ഓഫ് മത്സരങ്ങള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടത്താനാണ് ബി.സി.സി.ഐ. ഉദ്ദേശിക്കുന്നതെന്നു സൂചനയുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.

കൂടാതെ ഐ.പി.എല്‍. മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കുമെന്നും ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. ലീഗിന്റെ ആദ്യ ആഴ്ചകളില്‍ സ്‌റ്റേഡിയങ്ങളില്‍ 50 ശതമാനവും പിന്നീട് 75 ശതമാനവും സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Top