മുംബൈ: ഐപിഎല്‍ വേദിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് ബിസിസിഐ. ഇന്ത്യയില്‍ മത്സരങ്ങള്‍ നടക്കില്ലെങ്കില്‍, ശ്രീലങ്കയും ദക്ഷിണാഫ്രിക്കയുമാണ് പരിഗണനയില്‍. 10 ടീമുകള്‍ക്കും ഹോം, എവേ അടിസ്ഥാനത്തില്‍ മത്സരം നടത്താമെന്ന പ്രതീക്ഷ ബിസിസിഐക്ക് നിലവിലില്ല. മഹാരാഷ്ട്രയിലെ മൂന്ന് വേദികളിലായി മത്സരം നടത്തുന്നതിനാണ് പ്രാഥമിക മുന്‍ഗണന.
മുംബൈയില്‍ വാങ്കഡേ, ഡി വൈ പാട്ടീല്‍ സ്‌റ്റേഡിയങ്ങള്‍ക്ക് പുറമേ പൂനെയിലും മത്സരം നടത്താം. വേണമെങ്കില്‍ അഹമ്മദാബാദില്‍ പ്ലേ ഓഫും പരിഗണിക്കാം. ഇതെല്ലാം ഇന്ത്യയിലെ കൊവിഡ് വ്യാപനം കുറഞ്ഞാല്‍ മാത്രം. അല്ലെങ്കില്‍ വിദേശത്തേക്ക് മത്സരങ്ങള്‍ മാറ്റും. കഴിഞ്ഞ തവണ വിജയകരമായി ലീഗ് സംഘടിപ്പിച്ച യുഎഇയിലേക്ക് എപ്പോഴും പോകേണ്ടതില്ലെന്നാണ് ബിസിസിഐ ഉന്നതരുടെ തീരുമാനം.
അതുകൊണ്ടാണ് ഇന്ത്യന്‍ ടീമിന്റെ പര്യടനം പിഴവുകളില്ലാതെ സംഘടിപ്പിച്ച ദക്ഷിണാഫ്രിക്കയ്ക്ക് പരിഗണന നല്‍കുന്നത്. ദക്ഷിണാഫ്രിക്കയിലെ വലിയ റിസോര്‍ട്ടുകള്‍ ബയോ ബബിളിന്റെ സമ്മര്‍ദ്ദം കുറയ്ക്കുന്നതില്‍ സഹായിച്ചെന്നാണ് മുതിര്‍ന്ന താരങ്ങളുടെ വിലയിരുത്തല്‍. കൂടാതെ പ്രാദേശിക സമയം നാല് മണിക്ക് മത്സരങ്ങള്‍ തുടങ്ങുന്നതിനാല്‍ കളിക്കാര്‍ക്ക് വിശ്രമം കൂടുതല്‍ സമയം ലഭിക്കുമെന്ന വാദവുമുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ വിവിധ നഗരങ്ങളിലായി മത്സരം നടത്തേണ്ടിവരു.
മെന്നും വിമാനത്താവളങ്ങളില്‍ നിരന്തരം പോകുന്നത് കൊവിഡ് ബാധയ്ക്ക് കാരണമാകുമെന്നും ചില ഫ്രാഞ്ചൈസികള്‍ ബിസിസിഐയെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൊളംബോയില്‍ തന്നെ മൂന്ന് സ്‌റ്റേഡിയങ്ങള്‍ ഉള്ളതിനാല്‍ ശ്രീലങ്ക വേദിയാക്കാമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും താരലേലം നടക്കുന്ന ഫെബ്രുവരി 12ന് മുന്‍പായി തീരുമാനം അറിയിക്കാമെന്ന ഉറപ്പ് ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഏപ്രില്‍ ആദ്യവാരമാണ് സീസണ്‍ തുടങ്ങുന്നത്.