ബ്രിസ്ബെയിന്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ടീമിന് ഹോട്ടലില്‍ നിന്നും മോശമായ പെരുമാറ്റമെന്ന് ആരോപണം. എന്നാൽ ഈ കാര്യം ബിസിസിഐ ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ചേര്‍ന്ന് പരിഹരിച്ചെന്നും വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ടീം ഇന്ത്യ ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനില്‍ എത്തിയത്.
ഹോട്ടലില്‍ ആവശ്യമായ സര്‍വീസ് ലഭിക്കുന്നില്ലെന്നും, റൂമില്‍ നിന്ന് പുറത്ത് പോലും കടക്കാന്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു ടീം ഇന്ത്യയുടെ പരാതി. തുടർന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെടുകയായിരുന്നു.
ഇപ്പോള്‍ ടീം അംഗങ്ങള്‍ക്ക് ഹൗസ് കീപ്പിംഗ്, റൂം സര്‍വീസ് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും ഏത് ലിഫ്റ്റും ടീം അംഗങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സൌകര്യമുണ്ടെന്നും അതിനൊപ്പം ജിം ഉപയോഗിക്കാൻ കഴിയുന്നുണ്ടെന്നും ബിസിസിഐ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ, ടീം മീറ്റിഗിനായി പ്രത്യേക ഹാള്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ നീന്തല്‍ കുളത്തില്‍ വിലക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യന്‍ ടീമിന് കടുത്ത ക്വറന്‍റെയിന്‍ രീതികള്‍ വേണ്ട എന്നത് നേരത്തെ ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഈ രീതി തെറ്റിച്ചാണ് ബ്രിസ്ബെയിനില്‍ എത്തിയ ഇന്ത്യന്‍ ടീമിന് ഹോട്ടലില്‍ ലഭിച്ച പരിചരണം.