ന്യൂഡല്‍ഹി: ബി.സി.സി.ഐ യിലെ ഭരണവിഭാഗം ഉദ്യോഗസ്ഥരെ ഇടക്കാല ഭരണ സമിതി പുറത്താക്കി.
സുപ്രീംകോടതി നിയോഗിച്ച വിനോദ് റായ് അധ്യക്ഷനായ ഭരണ സമിതിയാണ് ഉദ്യോഗസ്ഥരെ പുറത്താക്കുകയും, ബി.സി.സി.ഐ മുന്‍ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തത്.
ബി.സി.സി.ഐ മീഡിയ മാനേജര്‍ നിഷാന്ത് ജീത്ത് അറോറയെ ഇടക്കാല ഭരണസമിതി പുറത്താക്കി. മുന്‍ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിന് ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും കളിക്കാര്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി.
ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ബി.ജെ.പി എം.പി അനുരാഗ് ഠാക്കൂര്‍ അധ്യക്ഷനായ ബി.സി.സി.ഐ ഭരണസമിതിയെ സുപ്രീം കോടതി പിരിച്ചു വിട്ടത്. ഇടക്കാല ഭരണ സമിതിയിലേക്ക് സുപ്രീംകോടതി നിയമിച്ച അമിക്കസ് ക്യൂറി ഒമ്പത് പേരുടെ പട്ടിക സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.