ബി.സി.സി.ഐ ഇടപെട്ടു; ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് യു.എസ് വിസ

ന്യൂഡല്‍ഹി: യു.എസ് വിസ നിഷേധിക്കപ്പെട്ട ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് വിസ അനുവദിച്ചു. ബി.സി.സി.ഐയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഷമിക്ക് വിസ ലഭിച്ചത്. താരത്തിനെതിരെ ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം തുടങ്ങിയ കേസുകള്‍ ഉള്ളതിനെ തുടര്‍ന്നാണ് വിസ നിഷേധിച്ചത്. ഇതിനു പിന്നാലെയായിരുന്നു ബി.സി.സി.ഐ വിഷയത്തല്‍ ഇടപെട്ടത്.

ഷമിയുടെ ലോകകപ്പ് പങ്കാളിത്തവും കേസിന്റെ വിശദവിവരങ്ങളും ഉള്‍പ്പെടുത്തി ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രി യു.എസ് എംബസിക്ക് കത്തയച്ചതിനെ തുടര്‍ന്ന് ഷമിക്ക് യു.എസ് വിസ ലഭിക്കുകയായിരുന്നു.

പൊലീസ് വെരിഫിക്കേഷന്‍ റെക്കോഡിലെ പ്രശ്‌നങ്ങള്‍ കാരണം ഷമി ആദ്യം നല്‍കിയ അപേക്ഷ യു.എസ് എംബസി തള്ളിയിരുന്നു. ഇപ്പോള്‍ അന്താരാഷ്ട്ര കായിക താരങ്ങള്‍ക്കുള്ള വിസയാണ് ഷമിക്ക് ലഭിച്ചത്.

പരസ്ത്രീ ബന്ധം, ഗാര്‍ഹിക പീഡനം എന്നിവ ആരോപിച്ച് ഭാര്യ ഹസിന്‍ ജഹാനാണ് ഷമിക്കെതിരെ കേസുകൊടുത്തത്. ഒത്തുകളി ഉള്‍പ്പെടെ ഹസിന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തിയ ബി.സി.സി.ഐ താരത്തിന് ക്ലീന്‍ ചിറ്റ് നല്‍കി ടീമില്‍ തിരിച്ചെടുത്തിരുന്നു.

Top