ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് പകിട്ടേകാന്‍ സംഗീത വിരുന്നൊരുക്കി ബി.സി.സി.ഐ

അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടമാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 14 ന് ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ തികഞ്ഞ ആവേശത്തിലാണ്. മത്സരത്തിന് മുന്നോടിയായി നിരവധി കലാപരിപാടികള്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുകയാണ് ബി.സി.സി.ഐ.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദില്‍ റെക്കോഡ് കാണികളെയാണ് പ്രതീക്ഷിക്കുന്നത്. മത്സരത്തിന്റെ ടിക്കറ്റുകള്‍ മുഴുവനും നേരത്തേ വിറ്റുപോയി. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ ബി.സി.സി.ഐ. 14000 ടിക്കറ്റുകള്‍ കൂടി അധികമായി പുറത്തിറക്കി. അതും വെറും 30 മിനിറ്റ് കൊണ്ട് വിറ്റുതീര്‍ന്നു. മത്സരം നിയന്ത്രിക്കാന്‍ 11000-ത്തിലധികം സുരക്ഷാഉദ്യോഗസ്ഥര്‍ വേദിയിലുണ്ടാകും. അമിതാഭ് ബച്ചന്‍, രജനികാന്ത്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയ പ്രമുഖരെല്ലാം മത്സരം കാണാനെത്തും.

ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ കാര്യമായ പരിപാടികളൊന്നും നടന്നിരുന്നില്ല. എന്നാല്‍ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകരായ ശങ്കര്‍ മഹാദേവന്‍, അര്‍ജിത് സിങ്, സുഖ്വിന്ദര്‍ സിങ് തുടങ്ങിയവരുടെ സംഗീത പരിപാടികളുണ്ടാകും. ബി.സി.സി.ഐ. തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

 

Top