മുംബൈ: ആഭ്യന്തര ക്രിക്കറ്റ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ എല്ലാ സംസ്ഥാന അസോസിയേഷനുകള്‍ക്കുമുള്ള അംഗീകൃത പ്രവര്‍ത്തന നടപടിക്രമം പുറത്തുവിട്ടു. പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ പരിശീലനം പുനരാരംഭിക്കാവൂയെന്നും ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്.
എല്ലാ സംസ്ഥാന അസോസിയേഷനുകളും ഒരു ചീഫ് മെഡിക്കല്‍ ഓഫീസറെ (സിഎംഒ) നിയമിക്കണം. രോഗ പ്രതിരോധ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് സിഎംഒയുടെ ഉത്തരവാദിത്വമാണ്.
ഓഹരിയുടമകളെ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് അറിയിക്കുന്നതിനു വേണ്ടി സിഎംഒ വെബിനാര്‍ സംഘടിപ്പിക്കണമെന്നും എസ്ഒപിയുടെ മാര്‍ഗനിര്‍ദേശത്തിലുണ്ട്. കൊറോണവൈറസ് തടയുന്നതിനും സുരക്ഷയുറപ്പാക്കുന്നതിനും രോഗ ബാധിതരുമായുള്ള സാമീപ്യം തടയുന്നതിനും എല്ലാ താരങ്ങളും സ്റ്റാഫും ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഫോണില്‍ ഉപയോഗിക്കണമെന്നും ബിസിസിഐ നിര്‍ദേശത്തിലുണ്ട്.
പരിശീലനം പുനരാരംഭിക്കുന്നതിനു മുമ്പ് ഓരോ സംസ്ഥാന യൂണിറ്റിന്റെയും മെഡിക്കല്‍ ടീം മുഴുവന്‍ കളിക്കാരുടെയും സ്റ്റാഫുമാരുടെയും കഴിഞ്ഞ രണ്ടാഴ്ചത്തെ യാത്രാ, മെഡിക്കല്‍ ചരിത്രം ഓണ്‍ലൈന്‍ ചോദ്യാവലിയിലൂടെ ശേഖരിച്ചു വയ്ക്കേണ്ടതുണ്ട്. താരങ്ങളോ, സപ്പോര്‍ട്ട് സ്റ്റാഫോ കൊറോണവൈറസുമായി സാമ്യമുള്ള രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ പരിശോധനയ്ക്കു വിധേയരാവണം.
താരങ്ങളും സ്റ്റാഫുമാരും മൂന്നു ലെയറോടു കൂടിയ മാസ്‌ക് ധരിക്കണം. മൂക്കും മുഖവും മൂടുന്ന തരത്തിലുള്ള മാസ്‌ക് വീട്ടില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ ക്യാംപ് അവസാനിക്കുന്നതു വരെ ധരിക്കണം. 60 വയസ്സിന് മുകളിലുള്ളവരിലും പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ദുര്‍ബലമായ പ്രതിരോധ ശേഷിയുള്ളവര്‍ എന്നിവരിലും കൊവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലായതിനാല്‍ ഇത്തരത്തിലുള്ളവര്‍ ക്യാംപുകളില്‍ പങ്കെടുക്കുത്തിനെ നിരുല്‍സാഹപ്പെടുത്തണമെന്ന് എസ്ഒപിയില്‍ ആവശ്യപ്പെടുന്നു.
ഹോട്ടലുകളില്‍ ഒരു മുറിയില്‍ ഒരു താരത്തെ മാത്രമേ താമസിക്കാന്‍ അനുവദിക്കുകയുള്ളൂ. മാത്രമല്ല പരിശീലന ക്യാംപ് നടക്കുന്ന ഗ്രൗണ്ടിന് അടുത്ത് തന്നെയായിരിക്കണം താമസസൗകര്യമൊരുക്കേണ്ടത്. താരങ്ങളെ താമസിക്കുന്ന സ്ഥലത്തു നിന്നു ഗ്രൗണ്ടിലെത്തിക്കാന്‍ സംസ്ഥാന അസോസിയേഷനുകള്‍ യാത്രാ സൗകര്യം ഏര്‍പ്പാടാക്കണം.
ബസിലായിരിക്കണം ഇവരെ കൊണ്ടുപോവേണ്ടത്. ഇതു താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും മാത്രം യാത്ര ചെയ്യാന്‍ പ്രത്യേകമായി ഏര്‍പ്പാടാക്കിയതാവണം. പരിശീലനമില്ലാത്ത സമയങ്ങളില്‍ പൊതുജനങ്ങള്‍ക്കു വേണ്ടി ഈ ബസുകള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ബസ് കൈകാര്യം ചെയ്യുന്ന സ്റ്റാഫിന്റെ യാത്ര, മെഡിക്കല്‍ ചരിത്രം എന്നിവ സിഎംഒയ്ക്കു നല്‍കേണ്ടതുണ്ട്. കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്ന സ്റ്റാഫിനെ ഉടന്‍ ഡ്യൂട്ടിയില്‍ നിന്നും മാറ്റണമെന്നും എസ്ഒപിയില്‍ നിര്‍ദേശിക്കുന്നു.