ന്യൂഡല്‍ഹി:ബിസിസിഐ സംഘടനാ സംവിധാനത്തില്‍ ലോധ കമ്മിറ്റി നിര്‍ദേശിച്ച പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തിയില്ലെങ്കില്‍ ഭാരവാഹികളെ മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ .
ബിസിസിഐക്കെതിരായ ലോധ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോധ കമ്മിറ്റി മാനദണ്ഡം ഉണ്ടാക്കിയതിനുശേഷം മാത്രമേ സംസ്ഥാന അസോസിയേഷനുകള്‍ക്ക് നല്‍കാനുള്ള 400 കോടി രൂപ ബി.സി.സി.ഐ വിതരണം ചെയ്യാന്‍ പാടുള്ളൂവെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. എന്നാല്‍ കുടിശ്ശിക വിതരണം ചെയ്യുന്നതില്‍ നിയമതടസ്സങ്ങളൊന്നുമില്ലകോടതി പറഞ്ഞു.
ബി.സി.സി.ഐയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായ ഒരു അവസ്ഥയിലാണ് സുപ്രീംകോടതിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്തെങ്കിലും പ്രത്യേക പ്രതിഭയുള്ളവരാണോ ബി.സി.സി.ഐ.യിലുള്ളതെന്നും പ്രസിഡന്റ് അനുരാഗ് താക്കൂര്‍ അധ്യക്ഷപദവി ഏറുന്നതിന് മുന്‍പ് ഒരു രഞ്ജി മത്സരമെങ്കിലും കളിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. അനുരാഗ് താക്കൂര്‍ ഒരു ക്രിക്കറ്ററാണെന്ന ബി.സി.സി.ഐ.യ്ക്കുവേണ്ടി ഹാജരായ കപില്‍ സിബലിന്റെ വാദത്തെ, താന്‍ സുപ്രീം കോടതി ജഡ്ജിമാരുടെ ടീമിന്റെ ക്യാപ്റ്റനാണെന്ന് പറഞ്ഞ് പരിഹസിക്കുകയാണ് ചീഫ് ജസ്റ്റിസ് ചെയ്തത്.
ബിസിസിഐ പ്രവര്‍ത്തക സമിതിയെ പിരിച്ചുവിടണമെന്ന് അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രമണ്യം ആവശ്യപ്പെട്ടിരുന്നു.
സുപ്രിം കോടതി ഉത്തരവുകളും, ലോധ കമ്മറ്റി നിര്‍ദേശങ്ങളും ബിസിസിഐ ബോധപൂര്‍വ്വം ലംഘിക്കിക്കുകയാണെന്ന് ഗോപാല്‍ സുബ്രമണ്യം കോടതിയെ അറിയിച്ചു.
അതേസമയം, സ്ഥിതിവിവര റിപ്പോര്‍ട്ടില്‍ ലോധ കമ്മറ്റി ഉന്നയിച്ച ആരോപണങ്ങള്‍ ക്രിക്കറ്റ് ബോര്‍ഡ് നിഷേധിച്ചു. ലോധ കമ്മിറ്റി ബിസിസിഐക്ക് പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി നീട്ടിക്കൊടുക്കണമെന്നും സുപ്രീം അറിയിച്ചു. സമയപരിധി നീട്ടിക്കിട്ടിയില്ലെങ്കില്‍ ബിസിസിഐ പുതിയ ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കണം. ബിസിസിഐക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ലോധ കമ്മിറ്റിയെ സമീപിക്കുകയാണ് വേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.