ഇഷാന്‍ കിഷാന്‍ രഞ്ജി ട്രോഫി കളിക്കണമെന്ന ബിസിസിഐ നിര്‍ദ്ദേശം തള്ളി

ജംഷഡ്പൂര്‍: ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേളയെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷാന്‍ രഞ്ജി ട്രോഫി കളിക്കണമെന്ന ബിസിസിഐ നിര്‍ദ്ദേശം വീണ്ടും തള്ളി. ഇന്ന് ആരംഭിച്ച രാജസ്ഥാനെതിരായ മത്സരത്തിലും ജാര്‍ഖണ്ഡ് ടീമില്‍ ഇഷാന്‍ കളിക്കുന്നില്ല. സീസണില്‍ ജാര്‍ഖണ്ഡിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു. രാജസ്ഥാനെതിരായ മത്സരം സീസണിലെ ജാര്‍ഖണ്ഡിന്റെ അവസാന മത്സരമാകാനാണ് സാധ്യത കൂടുതല്‍.

കിഷനെ ക്രിക്കറ്റ് കളിക്കാന്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നാണ് ഇക്കാര്യത്തില്‍ രാഹുല്‍ ദ്രാവിഡിന്റെ പ്രതികരണം. ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് മടങ്ങിവരും മുമ്പ് കുറച്ച് ആഭ്യന്തര മത്സരങ്ങള്‍ കളിക്കണം. ഇതിന് വേണ്ടിയാണ് രഞ്ജി കളിക്കാന്‍ നിര്‍ദ്ദേശിച്ചതെന്നും ഇന്ത്യന്‍ പരിശീലകന്‍ വ്യക്തമാക്കി.

ചില താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ഐപിഎല്ലിന് തയ്യാറെടുക്കുന്നതില്‍ ബിസിസിഐ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ ഇഷാന്‍ കിഷനോട് ജാര്‍ഖണ്ഡ് ടീമിനൊപ്പം ചേരാനും ബിസിസിഐ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സീസണിലെ അവസാന മത്സരത്തിലും രഞ്ജി കളിക്കാന്‍ തയ്യാറായില്ല.

Top