മുംബൈ: കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷത്തിനിടെ ബിസിസിഐ നേടിയത് 27,411 കോടി വരുമാനം. 2018 മുതല്‍ 2022 വരെയുള്ള കണക്കുകളാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ പുറത്തുവിട്ടത്. സംപ്രേക്ഷണവകാശം, സ്‌പോണ്‍ഷിപ്പ്, ഐസിസിയില്‍ നിന്ന് ലഭിച്ച വിവിതം എന്നിവ ഉള്‍പ്പെടെയാണ് ബിസിസിഐ ഇത്രയും വരുമാനമുണ്ടാക്കിയത്. ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കെയാണ് ബിസിസിഐയുടെ വരുമാന കണക്ക് പുറത്തുവന്നത്.
എം പി അനില്‍ ദേശായിയുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. ചെലവ്, നികുതി എന്നിവയെ കുറിച്ചും ദേശായി ചോദ്യമുന്നയിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ബിസിസിഐ 844.92 കോടി രൂപ ആദായ നികുതി അടച്ചതായി ചൗധരി മറുപടി പറഞ്ഞു. മുമ്പ് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിസിസിഐ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1159 കോടി രൂപ നികുതിയിനത്തില്‍ അടച്ചുവെന്നായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4298 കോടി ആദായനികുതി ബിസിസിഐ അടച്ചുവെന്നും പങ്കജ് ചൗധരി മറുപടി നല്‍കി. നേരത്തെ, 2019-20ല്‍ 882.29 കോടി രൂപ നല്‍കിയിരുന്നു. 2019 സാമ്പത്തിക വര്‍ഷത്തില്‍ ബോര്‍ഡ് 815.08 കോടി രൂപ നികുതിയായി അടച്ചു.
ലോകകപ്പ് നടക്കാനിരിക്കെ ഈ മാസം കൂടുതല്‍ വരുമാനം പ്രതീക്ഷിക്കുന്നുണ്ട് ബിസിസിഐ. ടിക്കറ്റ് വില്‍പന സംബന്ധിച്ച വിവരങ്ങള്‍ ബിസിസിഐ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 25ന് ലോകകപ്പിന്റെ ടിക്കറ്റ് വില്‍പന ആരംഭിക്കും. വിവിധ ഘട്ടങ്ങളിലായിട്ടാണ് വില്‍പന. ടിക്കറ്റിനായി ആദ്യം ഐസിസി വെബ്സൈറ്റില്‍ കാണികള്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഈമാസം 15 മുതല്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാമെന്നാണ് ഐസിസി നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഇതിന് ശേഷം മാത്രമേ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാവുകയുള്ളൂ. തിരുവനന്തപുരത്തെ സന്നാഹമത്സരത്തിനും ആരാധകര്‍ ടിക്കറ്റ് എടുക്കണം. ഓഗസ്റ്റ് 30ന് തിരുവനന്തപുരത്തെ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന തുടങ്ങും.