മുംബൈ: കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം നിര്‍ത്തിവെച്ച ഐപിഎല്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്താന്‍ ധാരണയായതായി റിപ്പോര്‍ട്ട്.
മത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയങ്ങളില്‍ നടത്താന്‍ തയാറാണെന്നും സീസണ്‍ ഉപേക്ഷിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും സംസ്ഥാന അസോസിയേഷനുകള്‍ക്ക് അയച്ച കത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി.
രാജ്യത്ത് ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കഴിഞ്ഞ രണ്ടുമാസങ്ങളായി സ്തംഭനാവസ്ഥയിലാണെന്നും രണ്ട് മാസത്തിനകം പരിശീലനങ്ങളും ക്രിക്കറ്റ് മത്സരങ്ങളും പഴയ രീതിയിലാകുമെന്നും കത്തിലൂടെ ഗാംഗുലി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ക്രിക്കറ്റ് പുനരാരംഭിക്കുന്ന വേളയില്‍ എല്ലാ സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഏറെ ഉപകാരപ്രദമാകും വിധം ഒരു കോവിഡ് -19 സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജിയര്‍ (എസ്ഒപി) വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിസിസിഐ എന്നും ഗാംഗുലി കത്തില്‍ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് ബോര്‍ഡുമായി ബന്ധപ്പെട്ട എല്ലാ ആളുകളുടെയും കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ ശ്രമിച്ചതായും അദ്ദേഹം വ്യക്തമാക്കി.
മാര്‍ച്ച് 29ന് തുടങ്ങാനിരുന്ന ഐ.പി.എല്‍ കോവിഡ് വ്യാപനം മൂലം അനിശ്ചിത കാലത്തേക്ക് നീട്ടുകയായിരുന്നു. ട്വന്റി20 ലോകകപ്പ് മാറ്റിവെക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചാല്‍ ഒക്‌ടോബര്‍- നവംബര്‍ മാസങ്ങളില്‍ ടൂര്‍ണമന്റെ് നടത്താനാണ് ബി.സി.സി.െഎ നീക്കം.