ഡല്‍ഹി : ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മല്‍സരത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കാനുള്ള ബിസിസിഐ സെലക്ഷന്‍ സമിതി യോഗം ബിസിസിഐ ഇടക്കാല ഭരണസമിതി വിലക്കി. ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരിയുടെ നേതൃത്വത്തിലുള്ള യോഗത്തിന് ഇതിനുള്ള അധികാരമില്ലെന്ന് പറഞ്ഞാണ് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ബിസിസിഐ ഇടക്കാല ഭരണസമിതി വിലക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രിണ്ടിന് നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് യോഗം വിളിച്ചത്. പക്ഷേ, റായി ഉള്‍പ്പെടുന്ന സംഘം വിലക്കിയതോടെ യോഗം അവതാളത്തിലാകുകയായിരുന്നു. അമിതാഭിന്റെ നിര്‍ദേശാനുസരണം എത്തിയവര്‍ യോഗം എപ്പോള്‍ തുടങ്ങുമെന്നു പോലും അറിയാതെ ആശയക്കുഴപ്പത്തിലായി. ഉച്ചഭക്ഷണത്തിനുശേഷം വീണ്ടും അംഗങ്ങള്‍ ഒത്തുചേര്‍ന്നെങ്കിലും യോഗത്തിനു സാധുതയില്ലെന്ന നിലപാടില്‍ ഭരണസമിതി ഉറച്ചുനിന്നു. തുടര്‍ന്ന് ബിസിസിഐയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന സിഇഒ രാഹുല്‍ ജോഹ്‌റി നാലു മണിയോടെ മുംബൈയില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിങ് വഴി യോഗത്തിന് അധ്യക്ഷത വഹിച്ചാണു പ്രശ്‌നം പരിഹരിച്ചത്.
അതേസമയം ബിസിസിഐയുടെ ഇടക്കാല ഭരണം ഏറ്റെടുത്തതിനു തൊട്ടുപിന്നാലെ നടത്തിയ കര്‍ശന ഇടപെടല്‍, വരുംനാളുകളില്‍ വിനോദ് റായിയും കൂട്ടരും ക്രിക്കറ്റ് സംഘടനയില്‍ നടത്താനിരിക്കുന്ന ശുദ്ധികലശത്തിന്റെ സൂചനയായി. സംഘടനയുടെ കടിഞ്ഞാണ്‍ തങ്ങളുടെ കയ്യില്‍ത്തന്നെ ആയിരിക്കുമെന്ന സന്ദേശം കൂടിയായി ഈ ഇടപെടല്‍.
അധികാരമേറ്റ ശേഷമുള്ള ആദ്യ ഭരണസമിതി യോഗം ഇന്നലെ മുംബൈയില്‍ ചേര്‍ന്നു. ബിസിസിഐ ആസ്ഥാനത്തിനു പകരം, ബാന്ദ്ര കുര്‍ള കോംപ്‌ളെക്‌സില്‍ ഐഡിഎഫ്‌സി ബാങ്ക് സമുച്ചയത്തിലായിരുന്നു യോഗം. വിനോദ് റായ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അംഗങ്ങളായ വിക്രം ലിമായെ, ഡയാന എദുല്‍ജി എന്നിവര്‍ പങ്കെടുത്തു.സമിതി അംഗം രാമചന്ദ്ര ഗുഹ പങ്കെടുത്തില്ല. അംഗങ്ങള്‍ തമ്മില്‍ പരസ്പരം പരിചയപ്പെടുന്നതിനുള്ള അനൗദ്യോഗിക യോഗമായിരുന്നു അതെന്ന് വിനോദ് റായ് അറിയിച്ചു.