സംസ്ഥാനത്ത് ബി.ഡി.ജെ.എസ് ബി.ജെ.പിക്ക് ബാധ്യതയാകുന്നു. സംഘപരിവാര്‍ ബുദ്ധിയില്‍ പിറവിയെടുത്ത ബി.ഡി.ജെ.എസില്‍ നിന്നും സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അക്കീരമന്‍ കാളിദാസ ഭട്ടതിരിപ്പാട് പോലും വിട്ട് പോകുന്നതിനെ ഗൗരവമായാണ് ബി.ജെ.പി നേതൃത്വം കാണുന്നത്. എസ്.എന്‍.ഡി.പി യോഗം അദ്ധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനുമായുള്ള അഭിപ്രായ വ്യത്യാസമാണ് അക്കീരമന്‍ ഭട്ടതിരിപ്പാടിന്റെ നിലപാടിന് പിന്നിലെന്നാണ് സൂചന. ബി.ഡി.ജെ.എസ് മുന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചൂഴാല്‍ ജി.നിര്‍മലന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചതിനു തൊട്ടുപിന്നാലെയുള്ള ഈ നടപടി ബി.ഡി.ജെ.എസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
എസ്.എന്‍.ഡി.പി യോഗത്തിന്റെ രാഷ്ട്രിയപാര്‍ട്ടി എന്ന രൂപത്തിലായിരുന്നു ബി.ഡി.ജെ.എസിന്റെ പിറവിയെങ്കിലും ഇപ്പോള്‍ സ്വന്തം സമുദായത്തില്‍ തന്നെ പിന്തുണയില്ലാത്ത അവസ്ഥയിലാണ് ആ പാര്‍ട്ടി. ഈഴവ വോട്ടുകള്‍ അനുകൂലമാകുമെന്ന് കണ്ട് മുന്‍പ് നടത്തിയ നീക്കം മണ്ടത്തരമായി പോയെന്ന അഭിപ്രായം ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ തന്നെ ഇപ്പോള്‍ ഉയര്‍ന്നു കഴിഞ്ഞു.
തൃശൂര്‍ ഉള്‍പ്പെടെ നാല് ലോക്‌സഭ സീറ്റുകള്‍ ബി.ഡി.ജെ.എസിന് മത്സരിക്കാന്‍ വിട്ടു നല്‍കിയതിലും കടുത്ത എതിര്‍പ്പ് ബി.ജെ.പി അണികള്‍ക്കിടയിലുണ്ട്. രൂപീകരണ സമയത്തെ ശക്തി പോലും ഇപ്പോള്‍ ബി.ഡി.ജെ.എസിന് ഇല്ലെന്നതാണ് കാവിപടയിലെ പൊതു വികാരം. തൃശൂര്‍ പോലെ സംഘപരിവാര്‍ സംഘടനകള്‍ക്ക് സ്വാധീനമുള്ള മണ്ഡലം വിട്ടുകൊടുത്ത നേതൃത്വത്തിന്റെ നിലപാടിനെ അണികള്‍ ചോദ്യം ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വെള്ളാപ്പള്ളി നടേശന് ഇടതുപക്ഷ അനുകൂല നിലപാടും മകന്‍ എന്‍.ഡി.എയിലും തുടരുന്നത് തന്നെ അവസരവാദ നിലപാടാണെന്ന അഭിപ്രായം ആര്‍.എസ്.എസ് നേത്യത്വത്തിനും ഉണ്ട്. വനിതാ മതിലിന്റെ സംഘാടക സമിതി തലപ്പത്ത് വെള്ളാപ്പള്ളി നടേശന്‍ വന്നത് ശബരിമല സമരം പൊളിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ആര്‍.എസ്.എസ് വിലയിരുത്തുന്നത്. ചെങ്ങന്നൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യ്‌ക്കൊപ്പംനിന്ന് ബി.ഡി.ജെ.എസ്. ഇടതുമുന്നണിയെ സഹായിക്കുകയായിരുന്നെന്ന് ആര്‍.എസ്.എസ്‌നേതൃത്വം നേരത്തെ കണ്ടെത്തിയിരുന്നു.
കോടിക്കണക്കിന് വരുന്ന വിശ്വാസികളുടെ മനസ്സിനെ വേദനിപ്പിച്ച യുവതീ പ്രവേശന വിഷയത്തില്‍ ഇരട്ടതാപ്പ് നിലപാട് സ്വീകരിച്ച വെള്ളാപ്പള്ളി കുടുംബവുമായി ഒരു സഹകരണവും വേണ്ടന്ന നിലപാടുകാരും സംഘപരിവാര്‍ തലപ്പത്തുണ്ട്. ഒറ്റക്ക് നിന്ന് കരുത്ത് തെളിയിക്കാനുള്ള ശേഷി ബി.ജെ.പിക്ക് ഉണ്ടന്നാണ് ഇത്തരക്കാരുടെ വാദം.
ശബരിമല വിഷയവും കൊലപാതക രാഷ്ട്രീയവും ഇടതുപക്ഷത്തെ കടുത്ത പ്രതിരോധത്തിലാക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. നായര്‍ സമുദായത്തിന്റെ പിന്തുണ യു.ഡി.എഫിനും ഇടതുപക്ഷത്തിനും അല്ല ബി.ജെ.പിക്കാണ് ഇത്തവണ ലഭിക്കുകയെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇതിനു പുറമെ ജി.എസ്.ടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയതും കര്‍ഷകര്‍ക്ക് ചെറുതെങ്കിലും കേന്ദ്ര പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞതും നേട്ടമാകുമെന്നും ബി.ജെ.പി കരുതുന്നു.
എല്ലാറ്റിനും പുറമെ പാകിസ്ഥാനില്‍ കയറി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത് മോദി സര്‍ക്കാരിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ കാരണമായതായും ബി ജെ പി ആവശ്യപ്പെടുന്നു. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് കേരളത്തില്‍ രണ്ടില്‍ കുറയാത്ത സീറ്റ് എന്ത് തന്നെയായാലും നേടുമെന്ന കണക്ക് ദേശീയ നേതൃത്വത്തിന് സംസ്ഥാന നേതൃത്വം കൈമാറിയിരിക്കുന്നത്.
അതേസമയം, ബി.ഡി.ജെ.എസ്, എന്‍.ഡി.എയില്‍ തുടരുന്നതില്‍ എന്‍.എസ്.എസിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആര്‍.എസ്.എസ് രൂപീകരിച്ച ശബരിമല കര്‍മസമിതിയുടെ പ്രക്ഷോഭത്തിലടക്കം പരസ്യമായി രംഗത്തിറങ്ങി വിജയിപ്പിച്ചത് എന്‍.എസ്.എസ് ആയിരുന്നു. തൃശൂര്‍ ഉള്‍പ്പെടെ ബി.ഡി.ജെ.എസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ എന്‍.എസ്.എസ് നിലപാട് ഇനി കോണ്‍ഗ്രസ്സിനാണ് ഗുണം ചെയ്യാന്‍ സാധ്യത.
തൃശൂരില്‍ രണ്ടാം സ്ഥാനത്ത് എത്താനുള്ള സാധ്യത പോലും സീറ്റ് ബി.ഡി.ജെ.എസിനു നല്‍കിയതിലൂടെ ബി.ജെ.പി നഷ്ടപ്പെടുത്തിയതായാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വിജയപ്രതീക്ഷ ഉണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തെ സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നത്. മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനത്ത് നിന്നും കുമ്മനം രാജശേഖരനെ രാജിവയിപ്പിച്ചത് തന്നെ കേരളത്തില്‍ നിന്നും ലോകസഭയില്‍ അക്കൗണ്ട് തുറപ്പിക്കാന്‍ ഉദ്ദേശിച്ച് മാത്രമാണ്.
political reporter