bdjs can’t political power to the conclusion that the bjp

തിരുവനന്തപുരം: ബിഡിജെഎസിന് ഒരു രാഷ്ട്രീയശക്തിയായി മാറാന്‍ കേരളത്തില്‍ കഴിയില്ലന്ന നിഗമനത്തില്‍ ബിജെപി !

എന്‍ഡിഎ മുന്നണിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ എസ്എന്‍ഡിപി യോഗം ആര്‍ജിച്ച കരുത്ത് രാഷ്ട്രീയ രംഗത്ത് ബിഡിജെഎസിന് ലഭിക്കുന്നില്ലന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് ജയിക്കുമെന്ന് അവകാശപ്പെട്ടിരുന്ന കുട്ടനാട്ടില്‍ ദയനീയമായി പരാജയപ്പെട്ടത് മുതല്‍ സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി നേതാക്കള്‍ ചൂണ്ടി കാണിക്കുന്ന ‘ യാഥാര്‍ത്ഥ്യ’മാണ് ‘ ഇപ്പോള്‍ കേന്ദ്ര നേതൃത്വവും അംഗീകരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാന സര്‍ക്കാറിനെതിരെ നിരന്തരമായ പ്രക്ഷോഭം ബിജെപി സംഘടിപ്പിക്കുന്നുണ്ടെങ്കിലും പ്രധാന ഘടക കക്ഷിയായ ബിഡിജെഎസ് രംഗത്തിറങ്ങാത്തത് സ്ഥാനമാനങ്ങള്‍ നേടുന്നതിനായി മാത്രം ഉണ്ടാക്കിയ പാര്‍ട്ടിയാണെന്ന തോന്നല്‍ പൊതു സമൂഹത്തിലുണ്ടാക്കാന്‍ കാരണമായതായാണ് സംസ്ഥാനത്തെ മുതിര്‍ന്ന ചില ബിജെപി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎമ്മിന് എതിരെയും ശക്തമായ നിലപാട് ബിജെപി സ്വീകരിക്കുമ്പോഴും ബിഡിജെഎസ് ‘തന്ത്രപരമായ ‘മൗനം പാലിക്കുന്നതിലും ബിജെപി നേതൃത്വത്തില്‍ കടുത്ത അതൃപ്തിയുണ്ട്.

വെള്ളാപ്പള്ളി നടേശന് എതിരായ കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് ഈ നിലപാടെന്നാണ് ബിജെപി നേത്യത്വം കരുതുന്നത്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ പിന്തുണ വേണമെന്ന ആഗ്രഹമുണ്ടെങ്കിലും അതിനായി വലിയ വിട്ടുവീഴ്ചകള്‍ വേണ്ടന്ന നിലപാട് ഇപ്പോള്‍ തന്നെ ബിജെപി നേതൃത്വത്തില്‍ ഉടലെടുത്തിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിനു കീഴില്‍ ചില പദവികള്‍ ലക്ഷ്യമിട്ട് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി നടത്തിയ നീക്കങ്ങള്‍ ഫലം കാണാതെ പോയതും സംസ്ഥാനത്ത് നിന്നുള്ള ചില ബിജെപി നേതാക്കളുടെ ഇടപെടലിന്റെ ഭാഗമായാണത്രെ.

പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട അനവധി പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും സംസ്ഥാനത്ത് ഉണ്ടെന്നിരിക്കെ അവരെ പരിഗണിക്കാതെ ബിഡിജെ എസിന് പദവികള്‍ നല്‍കുന്നത് പാര്‍ട്ടിക്കകത്ത് വലിയ ഭിന്നതയ്ക്ക് കാരണമാകുമെന്നാണ് ബിജെപി നേതാക്കളുടെ വാദം. ഇക്കാര്യങ്ങള്‍ അവര്‍ കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

അതേസമയം തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ ബിജെപി,ബിഡിജെഎസിനെ പറ്റിക്കുകയായിരുന്നുവെന്ന് ആരോപിച്ച് സിപിഎം അനുകൂല ചാനലിന് വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ അഭിമുഖവും ഇപ്പോള്‍ വിവാദമായിട്ടുണ്ട്.

ഇതിനെതിരെ വലിയ പ്രതിഷേധമാണ് ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുള്ളത്.

ബിഡിജെഎസിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ കൂടിയായ തുഷാര്‍ കേന്ദ്ര മന്ത്രിമാരുമായി കേരളത്തിലെ എന്‍ഡിഎ നേതാക്കള്‍ നടത്തുന്ന യോഗവും ബഹിഷ്‌ക്കരിച്ചിരിക്കുകയാണിപ്പോള്‍.

കേന്ദ്രത്തിലുള്ള പദവികളിലും ബോര്‍ഡുകളിലും ബിജെപിക്കാരെ മാത്രം നിയമിച്ചതാണ് പ്രകോപനത്തിനു കാരണം.

Top