ന്യൂഡല്‍ഹി: ബി. ഡി. ജെ. എസിന് കേന്ദ്രസര്‍ക്കാരിന്റെ രണ്ടു ബോര്‍ഡുകളിലെ ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ ധാരണ. കേന്ദ്ര നാളീകേര വികസന ബോര്‍ഡിന്റെയും സ്‌പൈസസ് ബോര്‍ഡിന്റെയും ചെയര്‍മാന്‍ പദവികള്‍ നല്‍കാനാണ് ഏകദേശ ധാരണയായത്. എന്‍. ഡി. എയില്‍ ചേര്‍ന്ന ആദിവാസി നേതാവ് സി. കെ.ജാനുവിനെ ബോര്‍ഡില്‍ അംഗമാക്കാനും തീരുമാനമായിട്ടുണ്ട്.
ഇക്കാര്യത്തില്‍ അടുത്തയാഴ്ച ഇരു പാര്‍ട്ടികളിലെയും നേതാക്കള്‍ ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലെത്തും. ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. വിവിധ ബോര്‍ഡുകളിലെ സ്ഥാനങ്ങളിലേക്ക് ബിഡിജെഎസിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് തുഷാര്‍ കൂടിക്കാഴ്ചയില്‍ ആവശ്യം ഉന്നയിച്ചു.
നിയമനം ലഭിക്കേണ്ടവരുടെ പേരുകളടങ്ങിയ പട്ടികയും തുഷാര്‍ വെള്ളാപ്പള്ളി അമിത്ഷാക്ക് കൈമാറിയിട്ടുണ്ട്. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഇതേ ആവശ്യത്തിനായി ഒരു പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന കേന്ദ്രഫണ്ട് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ബിഡിജെഎസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന് കീഴിലെ വിവിധ ബോര്‍ഡുകളിലെയും കോര്‍പറേഷനുകളിലെയും അധ്യക്ഷപദവികള്‍ വീതംവെക്കുമ്പോള്‍ പാര്‍ട്ടിക്ക് അര്‍ഹമായത് ചോദിച്ചുവാങ്ങണമെന്ന അഭിപ്രായം ശക്തമായത്. അടുത്തിടെ നടന്ന ബിഡിജെഎസ് നേതാക്കളുടെ യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിരുന്നു.