തുഷാറിന് കേന്ദ്ര മന്ത്രിയാകണം, നടക്കാത്ത സ്വപ്നമെന്ന് ബി.ജെ.പി, ചെങ്ങന്നൂര്‍ സമ്മര്‍ദ്ദം

Chengannur bypoll

തിരുവനന്തപുരം: അടുത്ത് തന്നെ നടക്കാനിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ ‘വിലപേശി’ ബി.ഡി.ജെ.എസ് രംഗത്ത്.

തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്ര മന്ത്രിയാക്കണമെന്ന നിര്‍ദ്ദേശമാണ് പാര്‍ട്ടി നേതൃത്വം ‘ഉപാധിയായി’ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.

‘അപകടം’ മുന്നില്‍ കണ്ട് തുഷാറിന്റെ സ്വപ്നം പൊളിക്കാന്‍ ബി.ജെ.പി കേരള ഘടകത്തിലെ ചില മുതിര്‍ന്ന നേതാക്കളും ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ചെങ്ങന്നൂരിലെ പ്രബല വിഭാഗമായ എന്‍.എസ്.എസിനെ മുന്‍ നിര്‍ത്തിയാണ് ബി.ഡി.ജെ.എസിനെതിരായ കരുനീക്കം.

ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തുഷാര്‍ വളളാപ്പളളിക്കും ബി.ഡി.ജെ.എസിനും കേന്ദ്ര സര്‍ക്കാര്‍ പദവികള്‍ നല്‍കിയാല്‍ എന്‍.എസ്.എസ് പരസ്യമായി ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരായ നിലപാട് സ്വീകരിക്കുമെന്നാണ് ഈ നേതാക്കള്‍ പറയുന്നത്.

ഇക്കാര്യത്തില്‍ എന്‍.എസ്.എസ് നേതൃത്വം ബി.ജെ.പി നേതൃത്വത്തോട് ഇതിനകം തന്നെ നിലപാട് വ്യക്തമാക്കിയതായാണ് സൂചന.

നായര്‍ ഭൂരിപക്ഷ മണ്ഡലത്തില്‍ ഇടത്, യു.ഡി.എഫ് മുന്നണികളും ബി.ജെ.പിയും അതേ സമുദായത്തില്‍പ്പെട്ടവരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മത്സരിക്കുന്നതും ഈ വോട്ട് ബാങ്ക് മുന്‍ നിര്‍ത്തിയാണ്.

തിരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്‍.എസ്.എസ് നേതൃത്വം സ്വീകരിച്ചു വരുന്നത്.

ഇതിന്റെ ‘ആനുകൂല്യം’ ലഭിച്ചത് കൊണ്ടാണ് കഴിഞ്ഞ തവണ അഡ്വ. പി.എസ് ശ്രീധര പിള്ളക്ക് 42,682 വോട്ട് ലഭിച്ചതെന്നതും യാഥാര്‍ത്ഥ്യമാണ്.

എന്‍.എസ്.എസ് നേതൃത്വവുമായി വളരെ അടുത്ത ബന്ധമാണ് പി.എസ് ശ്രീധരപിള്ളക്കുള്ളത്. മാത്രമല്ല ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ഇതേ വിഭാഗത്തില്‍പ്പെട്ടയാളാണ്.

ഇപ്പോള്‍ കേന്ദ്ര ഭരണം കൂടി ബി.ജെ.പിക്ക് ഉള്ളതിനാല്‍ നല്ലൊരു പങ്ക് നായര്‍ വോട്ടുകള്‍ ശ്രീധരപിള്ളയുടെ പെട്ടിയില്‍ വീഴുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

ചെങ്ങന്നൂരില്‍ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനെ നടത്തി പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ ബി.ജെ.പി ഒരുങ്ങി കഴിഞ്ഞു. ഇതിനിടെയാണ് ഇപ്പോള്‍ പുതിയ അവകാശവാദവുമായി ബി.ഡി.ജെ.എസ് നേതൃത്വം രംഗത്തിറങ്ങിയിരിക്കുന്നത്.

മണ്ഡലത്തില്‍ കഴിഞ്ഞ തവണ വോട്ടുകള്‍ കുത്തനെ വര്‍ദ്ധിച്ചത് തങ്ങളുടെ ശക്തി കൊണ്ടാണെന്നാണ് അവരുടെ അവകാശവാദം.

യുക്തി രഹിതമായ ഈ വാദം വകവെച്ച് കൊടുക്കാന്‍ പക്ഷേ ചെങ്ങന്നൂരിലെ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പോലും തയ്യാറല്ല. വിലപേശല്‍ തന്ത്രമായാണ് അവര്‍ ഈ വാദത്തെ നോക്കിക്കാണുന്നത്.

എസ്.എന്‍.ഡി.പി യോഗത്തിന് മണ്ഡലത്തില്‍ കാര്യമായ ശക്തിയില്ലെന്നും ഉള്ളവരില്‍ തന്നെ നല്ലൊരു വിഭാഗവും ബി.ഡി.ജെ.എസ് പറയുന്ന പോലെയല്ല, മറിച്ച് മറ്റു പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുന്നവരാണെന്നും ഈ വിഭാഗം കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു.

എന്‍.എസ്.എസിനെ പിണക്കുന്ന ഒരു നടപടിയും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെയും പി.സി തോമസിനെയും ഉപയോഗപ്പെടുത്തി ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടി നേടാന്‍ കഴിഞ്ഞാല്‍ മണ്ഡലത്തില്‍ അട്ടിമറി വിജയം സാധ്യമാണെന്നും പ്രാദേശിക നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാറിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുന്ന വിവാദ വിഷയങ്ങള്‍ പരമാവധി പ്രചരണായുധമാക്കി ചെങ്ങന്നൂരില്‍ വിജയിക്കാനാണ് ബി.ജെ.പി കര്‍മ്മപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടുകള്‍ :

പോള്‍ ചെയ്തത് : 1,44, 915

കെ.കെ.രാമചന്ദ്രന്‍ നായര്‍ ( സി.പി.എം) 52,880 ഭൂരിപക്ഷം7983

പി.സി.വിഷ്ണുനാഥ് ( കോണ്‍ഗ്രസ്റ്റ്) 44,897

പി.എസ് ശ്രീധരന്‍ പിള്ള ( ബി.ജെ.പി) 42,682

ശോഭനാ ജോര്‍ജ് (സ്വ) 3966

അലക്‌സ് (ബി.എസ്.പി) 483

റിപ്പോര്‍ട്ട്: എം. വിനോദ്

Top