അരൂര്‍ : അരൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി അരൂരില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ ബിജെപിയെ വിമര്‍ശിച്ച് ബിഡിജെഎസ് നേതാക്കള്‍. കേരളത്തിലെ ബിജെപിക്ക് നേതൃപാടവം ഇല്ലെന്നും, ഇവിടുത്തെ മുന്നണി സംവിധാനം ദുര്‍ബലമാണെന്നും കേന്ദ്ര നേതൃത്വത്തോട് മാത്രമാണ് ബിഡിജെഎസിന് യോജിപ്പെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജാതി പറഞ്ഞാണ് വോട്ട് പിടിക്കുന്നത്. അല്‍പ്പം ജാതി പറയാതെ വോട്ട് കിട്ടില്ല. എസ്എന്‍ഡിപി വോട്ടുകള്‍ ഒരു പാര്‍ട്ടിക്ക് മാത്രം ലഭിക്കില്ലെന്നും തുഷാര്‍ പറഞ്ഞു.
എൻ.ഡി.എക്കായി ഇന്നാദ്യമായാണ് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മണ്ഡലത്തിൽ എത്തുന്നത്.
തുഷാർ വെള്ളാപ്പള്ളിയുടെ സാന്നിദ്ധ്യത്തിൽ മറ്റ് ബിഡിജെഎസ് നേതാക്കളും ബിജെപിയോടുള്ള അതൃപ്തി തുറന്നു പറഞ്ഞു. എൻഡിഎക്കു നേതൃത്വം കൊടുക്കുന്നവർക്ക് ഭാവനയില്ലെന്നും ഭാവനയില്ലെങ്കിൽ കക്ഷികൾ വിട്ടുപോകുമെന്നും ആയിരുന്നു ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി പി ടി മൻമദന്റെ വിമർശനം. അധികാരത്തിന്റെ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ കുറിച്ചു ബിഡിജെഎസ് ആലോചിക്കണമെന്നും മൻമദൻ പറഞ്ഞു.