തിരുവനന്തപുരം: ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജില്‍ വട്ടിയൂര്‍ക്കാവില്‍ ജയിച്ച ഇടതു സ്ഥാനാര്‍ഥി വി.കെ. പ്രശാന്തിനെ അഭിനന്ദിച്ച് പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നില്‍ക്കുന്ന പ്രശാന്തിന്റെ ചിത്രം സഹിതമായിരുന്നു കുറിപ്പ്.
എന്നാല്‍ വിവാദമായതോടെ മിനിറ്റുകള്‍ക്കകം പോസ്റ്റ് ഫേസ്ബുക്ക് പേജില്‍നിന്ന് നീക്കി. തുടര്‍ന്ന്, ഫേസ്ബുക്ക് പേജ് അഡ്മിന് സംഭവിച്ച അബദ്ധമാണ് നേരത്തെയുണ്ടായ കുറിപ്പ് എന്ന വിശദീകരണവുമായി മറ്റൊരു പോസ്റ്റും പ്രത്യക്ഷപ്പെട്ടു. രണ്ടാഴ്ചയായി പേജിന്റെ അഡ്മിനാണെന്നും സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിനുശേഷം സെറ്റിങ്‌സില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നെന്നും അശ്രദ്ധകാരണം അബദ്ധവശാല്‍ മുഖ്യമന്ത്രിയും പ്രശാന്തും നില്‍ക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്ക് പോസ്റ്റായി വന്നതാണെന്നും കിരണ്‍ ചന്ദ്രന്‍ എന്ന പേരില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. എല്ലാവരും സദയം ക്ഷമിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളിയുടെ പേജിലൂടെ കിരണ്‍ ചന്ദ്രന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇതിനുപിന്നാലെ, വിശദീകരണവുമായി തുഷാര്‍ വെള്ളാപ്പള്ളി തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് അഡ്മിന്‍ പാനലാണെന്നും അതിലൊരു സഹോദരന്‍ കിരണ്‍ ചന്ദ്രന്‍ അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും അബദ്ധവശാല്‍ എന്റെ ഫെയ്‌സ്ബുക്കിലേക്ക് വന്ന ഒരു പോസ്റ്റ് എനിക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും ഒരുപോലെ വേദനയുളവാക്കുന്നതാണെന്നും തുഷാര്‍ പറയുന്നു. അശ്രദ്ധയായി പേജ് കൈകാര്യം ചെയ്തതിലുള്ള പിഴവിന് തുഷാര്‍ ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.