ഡൽഹി അതിർത്തിയിലെ കർഷക സമരം ഇപ്പോൾ ആറ് മാസം പിന്നിട്ടു കഴിഞ്ഞു. 470-ൽ അധികം കർഷകരാണ് ഈ പ്രക്ഷോഭത്തിന്റെ
ഭാഗമായി ഇതിനകം തന്നെ മരണപ്പെട്ടിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഞെട്ടിക്കുന്ന കണക്കുകളാണിത്. കേന്ദ്ര സർക്കാറിന്റെ
കോർപ്പറേറ്റ് അനുകൂല കാർഷിക നിയമത്തിനെതിരെയാണ് കർഷകർ പടപൊരുതുന്നത്. ഈ നിയമം പിൻവലിക്കും വരെ പ്രക്ഷോഭത്തിൽ നിന്നും പിൻമാറുന്ന പ്രശ്നമില്ലന്നാണ് കർഷക സംഘടനകളും പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഏകാധിപത്യ ശൈലിയിൽ മുന്നോട്ട് പോകുന്ന മോദി സർക്കാർ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴും ഉറച്ചു നിൽക്കുന്നത്. അവർ കോർപ്പറേറ്റ് താൽപ്പര്യങ്ങൾ കൂടുതൽ മേഖലകളിലേക്ക് പടർത്താനാണ് നിലവിൽ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
സമാധാനത്തിൻ്റെ തുരുത്തായി അറിയപ്പെടുന്ന ലക്ഷദ്വീപിലേക്ക് പടർന്ന കരിനിഴൽ ഇതിൻ്റെ ഭാഗമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള സംഘപരിവാർ നേതാക്കളുടെ അടുപ്പക്കാരനെ ദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററാക്കിയത് കേവലം യാദൃശ്ചികമായ ഒന്നല്ല വ്യക്തമായ ‘അജണ്ട’ തന്നെ ഇതിനു പിന്നിലുണ്ട്. അതാണിപ്പോൾ അവിടെ നടപ്പാക്കി കൊണ്ടിരിക്കുന്നത്. മനോഹരമായ ഈ ദ്വീപിനെ കോർപ്പറേറ്റുകൾക്ക് കൈമാറാൻ ആര് തന്നെ ശ്രമിച്ചാലും അതിനെ ചെറുത്ത് തോൽപ്പിക്കുക തന്നെ വേണം. വൻ വിവാദങ്ങള്‍ക്കിടെയിലും സ്വകാര്യവല്‍കരണത്തിനു തുല്യമായ നടപടികളുമായാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ മുന്നോട്ടു പോകുന്നത്. ടൂറിസം ദ്വീപായ ബംഗാരത്തെ റിസോര്‍ട്ടിന്റെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികള്‍ക്കു കൈമാറാനുള്ള നടപടികള്‍ ഇതിന്റെ ഭാഗമാണ്. കൊച്ചിയിലെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ് നടത്തിപ്പിനും സ്വകാര്യ ഏജന്‍സികളെയാണ് ക്ഷണിച്ചിരിക്കുന്നത്.
മറ്റു വിനോദസഞ്ചാര മേഖലകളിലും സമാനരീതിയില്‍ സ്വകാര്യവത്കരണം നടപ്പാക്കാനാണ് ദ്രുതഗതിയിൽ നീക്കങ്ങൾ നടക്കുന്നത്. മേയ് നാലിനു ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ പുറത്തിറക്കിയ ടെന്‍ഡര്‍ നോട്ടിസില്‍ ബംഗാരം ദ്വീപിലെ ഇക്കോ ടൂറിസം റിസോര്‍ട്ടും കൊച്ചിയിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസും നടത്തിപ്പിനും പരിപാലനത്തിനുമായി സ്വകാര്യ ഏജന്‍സിയെ തിരയുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്. തുകയും തീയതികളും വ്യക്തമായി തന്നെ നോട്ടിസുകളില്‍ പറയുന്നുണ്ട്. ദ്വീപ് ജനത ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി കൊച്ചിയിൽ വരുമ്പോള്‍ താമസിക്കുന്നത് ഈ ഗസറ്റ് ഹൗസിലാണ്. ടൂറിസം വകുപ്പിനാണ് ഇതിൻ്റെ നിയന്ത്രണമുള്ളത്. 58 ഡോര്‍മിറ്ററികള്‍ നാല് എസി മുറികള്‍ ഉള്‍പ്പടെ 42 മുറികളും, റസ്റ്ററന്റ്, ദ്വീപിലേക്കുള്ള ടിക്കറ്റ് ബുക്കിങ് കൗണ്ടര്‍ തുടങ്ങി മറ്റു നിരവധി സൗകര്യങ്ങളും നിലവിൽ ഗസ്റ്റഹൗസിലുണ്ട്.
ദ്വീപ് സമൂഹത്തിലെ ജനവാസമില്ലാത്ത ദ്വീപാണ് ബംഗാരം. ഇവിടെയാണ് ഇക്കോ ടുറിസം റിസോര്‍ട്ട് ഉള്ളത്. വിനോദസഞ്ചാരികള്‍ക്കായി 30 മുറികൾ, റസ്റ്ററന്റ്, സ്‌കൂബ ഡൈവിങ്, വാട്ടര്‍സ്‌പോര്‍ട്സ് സൗകര്യങ്ങളും ഇവിടെയുണ്ട്. ഇപ്പോൾ ഇതൊക്കെയാണ് കോർപ്പറേറ്റുകൾക്ക് പതിച്ചു കൊടുക്കാൻ നീക്കമെങ്കിൽ നാളെ ലക്ഷദ്വീപ് ആകെ തന്നെ ഇവരുടെ ലക്ഷ്യമായി മാറും. അക്കാര്യത്തിലും ഒരു സംശയവും ഉണ്ടാവേണ്ടതില്ല. അതിൻ്റെ സൂചനകൾ ഇപ്പോൾ തന്നെ പ്രകടമായി കഴിഞ്ഞിട്ടുണ്ട്. പ്രതികാര മനോഭാവത്തോടെയാണ് ദ്വീപ് നിവാസികളാട് ഭരണകൂടം പെരുമാറി കൊണ്ടിരിക്കുന്നത്. മല്‍സ്യത്തൊഴിലാളികളുടെ ജീവനോപാധി കൂടിയാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. തീരസംരക്ഷണനിയമത്തിന്റെ പേരില്‍ നിരവധി വള്ളങ്ങളും ഷെഡുകളുമാണ് തകർത്തിരിക്കുന്നത്.
കോവിഡിന്റെ പേരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് നാട്ടുകാരെ വീട്ടിലിരുത്തിയ ശേഷമായിരുന്നു ഈ പൊളിക്കല്‍ നടപടി അരങ്ങേറിയിരുന്നത്. പൊലീസ് ബന്തവസില്‍ ഭരണകൂടം ഏപ്രില്‍ 28ന് നടത്തിയ നടപടികളുടെ ദൃശ്യങ്ങള്‍ വാർത്താ ചാനലുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. കവരത്തിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. പൊലീസും ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരും പൊളിക്കലിന് കാവല്‍ നിൽക്കുകയാണ് ചെയ്തിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ മല്‍സ്യത്തൊഴിലാളികൾ അടക്കമുള്ള ദ്വീപ് നിവാസികള്‍ വീടുകളിലായിരുന്നു എന്നത് ദ്വീപ് ഭരണകൂടത്തിനും കാര്യങ്ങൾ എളുപ്പമാക്കി. ഒന്നു പ്രതികരിക്കാന്‍ പോലും ആര്‍ക്കും സാധിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ബോട്ടുകള്‍ കയറ്റിയിരുന്ന ഷെഡുകളെല്ലാം പൊളിച്ചതോടെ പലര്‍ക്കും കടലിലേക്ക് ബോട്ടുകള്‍ ഇറക്കേണ്ട സാഹചര്യവും ഉണ്ടായി. ഇതിനു പിന്നാലെയാണ് ടൗട്ടെ ചുഴലിക്കാറ്റും ദ്വീപിനെ വിഴുങ്ങിയിരുന്നത്. കഷ്ടകാലം എന്നൊക്കെ പറയുന്നത് ഇതിനെയൊക്കെയാണ്. ദ്വീപ് ജനതയുടെ കണ്ണീരും പ്രതിഷേധങ്ങളുമെല്ലാം രാജ്യത്തെ കോവിഡ് മഹാമാരിയിൽ തട്ടി തെറിച്ചത് ദ്വീപ് ഭരണകൂടത്തിനും തുടക്കത്തിൽ സൗകര്യമായി. ഇതുമൂലം പുറം ലോകവും കാര്യങ്ങൾ ഏറെ വൈകിയാണ് അറിഞ്ഞിരുന്നത്. ദ്വീപിലെ നെറ്റ് വർക്ക് പ്രശ്‌നങ്ങളും മാധ്യമങ്ങളുടെ കുറവുമെല്ലാം ദ്വീപ് ഭരണകൂടത്തിനാണ് ഏറെ സഹായകരമായിരിക്കുന്നത്. ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് അവിടെ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പോലും പുറത്തു വന്നിരുന്നത്. സംഘപരിവാറിന്റെ അജണ്ടയാണ് അഡ്മിനിസ്ട്രേറ്ററിലൂടെ ബി.ജെ.പി ലക്ഷദ്വീപിൽ നടത്താൻ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികളും ആരോപിച്ചിരിക്കുന്നത്.
ദ്വീപ് നിവാസികളുടെ വരുമാന മാർഗ്ഗവും ഭക്ഷണ ശീലങ്ങളും അട്ടിമറിക്കാനും ബോധ പൂർവ്വമായ നീക്കങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഗോവധ നിരോധനം ഇതിന്റെ ഭാഗമാണ്. ജനങ്ങളോ ജനപ്രതിനിധികളോ തദ്ദേശ സ്ഥാപനങ്ങളോ ആവശ്യപ്പെടുകയോ അംഗീകരിക്കുകയോ ചെയ്യാത്ത കാര്യം കൂടിയാണിത്. ദ്വീപിൻ്റെ സാംസ്കാരിക വൈവിധ്യം തകർക്കുക എന്നതും ഈ തീരുമാനത്തിന് പിന്നാലെ ലക്ഷ്യമാണെന്നാണ് ദ്വീപ് വാസികൾ ചൂണ്ടിക്കാട്ടുന്നത്. മദ്യ നിരോധനം എടുത്തു കളഞ്ഞതും സർക്കാർ ഓഫീസുകളിലെ തദ്ദേശീയരായ ജീവനക്കാരെ പിരിച്ചുവിട്ടതും 38 ഓളം അങ്കണവാടികൾ അടച്ചു പൂട്ടിയതുമെല്ലാം അമ്പരപ്പിക്കുന്ന നടപടികൾ തന്നെയാണ്. ടൂറിസം വകുപ്പിൽ നിന്ന് 190 പേരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. സ്കൂളിൽ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും ഒഴിവാക്കിയിട്ടുണ്ട്.
ദ്വീപ് നിവാസികൾ വർഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ മാത്രം ആശ്രയിക്കണമെന്ന അഡ്മിനിസ്ട്രേറ്ററുടെ തീരുമാനവും സംശയകരമാണ്. കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധം ഇല്ലാതാക്കാനും പരിവാർ അജണ്ടകൾ നടപ്പാക്കാനുമാണ് ഈ തീരുമാനമെന്നാണ് ഡി.വൈ.എഫ്.ഐയും തുറന്നടിച്ചിരിക്കുന്നത്. ഒരു നാട്ടിൽ നടപ്പാക്കുന്ന നിയമങ്ങളെല്ലാം അവിടുത്തെ ജനങ്ങൾക്ക് വേണ്ടിയാകണമെന്നും അതല്ലാതെ ഏകാധിപതിയെ പോലെ പെരുമാറിയാൽ അതിനെ ചെറുത്ത് തോൽപ്പിക്കുമെന്നുമാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.സി പി.എം, കോൺഗ്രസ്സ്, മുസ്ലീംലീഗ് ഉൾപ്പെടെയുള്ള പാർട്ടികളും കേന്ദ്ര നിലപാടിനെതിരെ ശക്തമായി തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്.
സമാധാന പ്രിയരും നിഷ്ക്കളങ്കരുമായ ഒരു ജനതയാണ് ലക്ഷദ്വീപിൽ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നത്. കുറ്റവാളികളില്ലാത്തതിനാൽ ഒഴിഞ്ഞു കിടക്കുന്ന ജയിലുകൾ സിനിമയിലല്ല യഥാർത്ഥ ജീവിതത്തിൽ തന്നെയുള്ള ദ്വീപാണിത്. ഇവിടെയാണ് പുതിയ ഭരണ കൂടം ഗുണ്ടാ ആക്ടും കൊണ്ടു വന്നിരിക്കുന്നത്. എതിർപ്പുകളെ അടിച്ചമർത്തുക തന്നെയാണ് ഇതിനു പിന്നാലെ ലക്ഷ്യം. ഭൂസ്വത്തുക്കൾക്കു മേൽ ദ്വീപുകാരുടെ അവകാശം ഇല്ലാതാക്കാനുള്ള നടപടികളും ആശങ്ക പരത്തുന്നതാണ്. അതേസമയം അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിഷേധം ശക്തമായതോടെ ലക്ഷദ്വീപ് മയക്കു മരുന്നിൻ്റെ കേന്ദ്രമാണെന്ന പ്രചരണമാണ് പരിവാർ കേന്ദ്രങ്ങൾ അഴിച്ചു വിടുന്നത്. എന്നാൽ ഈ പ്രചരണത്തെ ദേശീയ മാധ്യമങ്ങൾ തന്നെ ഇപ്പോൾ തെളിവുകൾ സഹിതം പൊളിച്ചടുക്കിയിട്ടുണ്ട്. “മൂവായിരം കോടിയുടെ മയക്കുമരുന്ന് ലക്ഷദ്വീപിൽ നിന്നും പിടിച്ചെടുത്തു ” എന്ന പ്രചരണമാണ് ഇതോടെ തകർന്നിരിക്കുന്നത്.
പാക്കിസ്ഥാനിൽ നിന്നും ശ്രീലങ്കയിലേക്ക് ശ്രീലങ്കൻ ബോട്ടിൽ തന്നെ കടത്താൻ ശ്രമിച്ച, മയക്കുമരുന്നും ആയുധങ്ങളുമാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തിരുന്നത്. പ്രതികളിൽ ആകട്ടെ ഒറ്റ ഇന്ത്യക്കാരൻ പോലും ഉണ്ടായിരുന്നുമില്ല. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്. ഇതോടെ വഴി തെറ്റാമായിരുന്ന വലിയ ഒരു കുപ്രചരണമാണ് പൊളിച്ചടുക്കപ്പെട്ടിരിക്കുന്നത്. കോർപ്പറേറ്റുകൾക്ക് നിലം ഒരുക്കാൻ എന്തു തറ വേലയും കാണിക്കാം എന്നത് ഒരു ഭരണകൂടത്തിനും ഭൂഷണമായ കാര്യമല്ല. ജനവിരുദ്ധ നിലപാടാണത്. കേന്ദ്ര നിലപാടിനെ പിന്തുണയ്ക്കുന്ന മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരും ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്.
ഇന്ന് ലക്ഷദ്വീപാണെങ്കിൽ നാളെ അവർ നിങ്ങളുടെ വീട്ടുമുറ്റത്തു കൂടിയാണ് എത്തുക. രാജ്യത്ത് ഇപ്പോൾ കാവി വൽക്കരണത്തിൻ്റെ മറവിൽ നടക്കുന്നത് കോർപ്പറേറ്റ് വൽക്കരണം കൂടിയാണ്. ഇതിനെ ചോദ്യം ചെയ്യേണ്ടത് രാജ്യത്തെ ഓരോ പൗരന്റെയും കടമയാണ്. അതിന് നാം തയ്യാറായില്ലങ്കിൽ നാളെ തീർച്ചയായും ദുഖിക്കേണ്ടി വരും. ജാഗ്രത ! അത് സംഘികൾക്കും നല്ലതാണ്.