കശ്മീരിലേക്ക് അധിക സര്‍വ്വീസിന് തയ്യാറായിരിക്കണം; എയര്‍ലൈന്‍സിന് നിര്‍ദ്ദേശം…

ശ്രീനഗര്‍: പാക്ക് തീവ്രവാദികള്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടിരുന്നതായുള്ള വിവരം ഇന്ത്യന്‍ സൈന്യം പുറത്ത് വിട്ടതിന് പിന്നാലെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് അധിക സര്‍വ്വീസ് നടത്താന്‍ തയ്യാറായിരിക്കണം എന്ന് വിമാനക്കമ്പനികളോട് ഡിജിസിഎ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

ജമ്മു കാശ്മീരില്‍ ഭീകരര്‍ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാശ്മീര്‍ താഴ്വരയിലുള്ള അമര്‍നാഥ് സന്ദര്‍ശനത്തിനെത്തിയ വിശ്വാസികളോടും വിനോദസഞ്ചാരികളോടും മടങ്ങിപ്പോകാന്‍ ജമ്മു കാശ്മീര്‍ അധികൃതര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ വിമാന അധിക സര്‍വീസുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.വാര്‍ത്താ ഏജന്‍സിയാണ് ഉന്നത ഡിജിസിഎ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ന് രാത്രി 8.45 ഓടെ ശ്രീനഗര്‍ വിമാനത്താവളം ഡിജിസിഎ അധികൃതര്‍ വിശദമായി പരിശോധിച്ചു. ഇപ്പോള്‍ അധിക സര്‍വ്വീസ് നടത്തേണ്ടതില്ലെന്നാണ് നിഗമനം. എന്നാല്‍ അടിയന്തിര സാഹചര്യം ഉണ്ടായാല്‍ അധിക സര്‍വ്വീസ് നടത്താന്‍ തയ്യാറായിരിക്കണം എന്ന് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ജമ്മു കശ്മീരിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകള്‍ റദ്ദാക്കുന്നതിനും മറ്റൊരിടത്തേക്ക് മാറ്റുന്നതിനുമുള്ള നിരക്കുകള്‍ എയര്‍ ഇന്ത്യ, ഇന്റിഗോ, വിസ്താര എന്നീ വിമാനക്കമ്പനികള്‍ ഇളവ് ചെയ്തിട്ടുണ്ട്.

Top