കാലിഫോര്‍ണിയ: കാടിന് സമീപം കാര്‍ നിറുത്തിയിട്ട് തിരികെ എത്തിയ ഉടമസ്ഥന് കണ്ടത് സീറ്റിലിരിക്കുന്ന കരടിയെ. കാലിഫോര്‍ണിയയിലാണ് സംഭവം നടന്നത്. കാറിന്റെ വാതില്‍ അടഞ്ഞുപോയതിനെതുടര്ന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു കരടിയും. ജീവനില്‍ ഭയമുള്ളത് കൊണ്ട് ഡോര്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഉടമസ്ഥനും. ഉടന്‍ തന്നെ ഉടമസ്ഥന് പൊലീസിനെ വിളിച്ചു.
പൊലീസ് എത്തുമ്പോഴേക്കും പരിഭ്രാന്തനായ കരടി പിന്‍സീറ്റ് കടിച്ചും മാന്തിയും നശിപ്പിച്ചിരുന്നു. ഡോര്‍ തുറക്കാന്‍ സാധിക്കാത്ത അവസ്ഥയിലുമായിരുന്നു. എങ്ങനെയെങ്കിലും കരടിയെ പുറത്തിറക്കേണ്ടത് അത്യാവശ്യമായിരുന്നു. സംഘതലവനായി എത്തിയ ഡെപ്യൂട്ടി പൊലീസ് ഓഫീസര്‍ കുടുതല്‍ ഒന്നും ആലോചിച്ചില്ല, അടുത്തുകിടന്ന കല്ലൊരെണ്ണം ജനലില്‍ ആഞ്ഞടിച്ചു. ജനല്‍ തകര്‍ന്നതും കരടി പുറത്തുചാടി കാട്ടിലേക്ക് പാഞ്ഞു. കരടിയെ രക്ഷപെടുത്തുന്ന ഈ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാകുകയാണ്.