ദളപതിയ്ക്ക് വില്ലനായത് സംവിധായകൻ, ബീസ്റ്റിനെതിരെ വിജയ് ആരാധകരും രംഗത്ത് !

ങ്ങനെ ‘പവനായി ശവമായി’ എന്നു പറയുന്നതു പോലെയാണ് ദളപതി വിജയ് നായകനായ ബീസ്റ്റ് എന്ന സിനിമയുടെ ഇപ്പോഴത്തെ അവസ്ഥ. ഒരു ശരാശരി സിനിമയായാൽ പോലും വലിയ നേട്ടമുണ്ടാക്കേണ്ട വിജയ് സിനിമയുടെ നിലവിലെ പ്രകടനം അദ്ദേഹത്തിന്റെ ആരാധകരെ പോലും നിരാശപ്പെടുത്തുന്നതാണ്.

തമിഴ് താരം ശിവ കാർത്തികേയനെ വച്ച് ഡോക്ടർ എന്ന സൂപ്പർ ഹിറ്റ് സിനിമയെടുത്ത സംവിധായകനാണ് നെൽസൺ ദിലീപ് കുമാർ. ,ശിവ കാർത്തികേയനല്ല ദളപതി വിജയ് എന്ന കാര്യമാണ് ബീസ്റ്റ് സംവിധാനം ചെയ്യുമ്പോൾ മറന്നു പോയിരിക്കുന്നത്. “ഡോക്ടർ’ സിനിമ ചെയ്ത മാനസികാവസ്ഥയിൽ ദളപതിയെ പോലുള്ള മാസ് ഹീറോയെ വച്ച് ഒരു സിനിമ ചെയ്താൽ ഇതു തന്നെയാണ് സംഭവിക്കുക. ഒരു വിഭാഗം ഓഡിയൻസിനെയും തൃപ്തിപ്പെടുത്താത്ത സിനിമയായാണ് ബീസ്റ്റ് മാറിയിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ

എല്ലാം ‘ഘടകവും’ ഈ സിനിമയ്ക്ക് എതിരാണ്. വിജയ് ആരാധകർ പോലും തങ്ങളുടെ രോഷം പരസ്യമായി പ്രകടിപ്പിക്കുമ്പോൾ, ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒരിക്കലും സംവിധായകന് ഒഴിഞ്ഞു മാറാൻ കഴിയുകയില്ല. ഈ കഥ കേട്ട് ഡേറ്റ് കൊടുത്ത ദളപതിക്കും, നിർമ്മാതാക്കളായ സൺപിക്ച്ചേഴ്സിനും വലിയ തെറ്റാണ് സംഭവിച്ചിട്ടുള്ളത്. നല്ലൊരു തിരക്കഥ പോലും അവകാശപ്പെടാൻ ഇല്ലാത്ത സിനിമയാണ് ബീസ്റ്റ്. മേയ്ക്കിങ്ങും അഭിനയവും എല്ലാം ഏറെ നിരാശപ്പെടുത്തുന്നതാണ്. എവിടെയെക്കെയോ വിട്ടുവീഴ്‌ച ചെയ്ത് തട്ടിക്കൂട്ടിയെടുത്ത ഒരു സിനിമയായി മാത്രമേ ബീസ്റ്റിനെ വിലയിരുത്താൻ കഴിയുകയൊള്ളൂ.

സിനിമ സാങ്കൽപ്പികമാണ് എന്നത് അംഗീകരിക്കുമ്പോൾ തന്നെ, യുക്തിപരമായ ചില കാര്യങ്ങളൊക്കെ പുതിയ കാലത്ത് സിനിമയെടുക്കുമ്പോൾ ഉണ്ടാകുന്നത് നല്ലതാണ്. അക്കാര്യത്തിലും തിരക്കഥാകൃത്തു കൂടിയായ സംവിധായകനു വീഴ്ച പറ്റിയിട്ടുണ്ട്.

ലോകത്തെ തന്നെ ഏറ്റവും കൊടും ക്രിമിനലുകളായ ഐ.എസ് തീവ്രവാദികളെ, കോമഡി കഥാപാത്രങ്ങൾക്ക് സമാനമായാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. തോക്കിൻ മുനയിൽ ബന്ദിയാക്കപ്പെട്ടവരുടെ മാനിറസങ്ങൾ കാണുമ്പോൾ, വിനോദയാത്രയ്ക്ക് പോയ പ്രതീതിയാണ് ദൃശ്യമാകുന്നത്. ഇത് സിനിമ പറയാൻ ശ്രമിക്കുന കഥയുടെ ഗൗരവത്തെയാണ് ചോർത്തി കളഞ്ഞിരിക്കുന്നത്. ബീസ്റ്റിലെ കോമഡികൾ പോലും സിനിമ കാണുന്നവർക്ക് അരോചകം സൃഷ്ടിക്കുന്നതാണ്. ഈ സിനിമയിൽ അഭിനയിച്ച താരങ്ങളിൽ ആരും തന്നെ കാര്യമായ സംഭാവന ചെയ്തിട്ടില്ല. വിജയ് യുടെ പ്രകടനം തന്നെ ഇതിനു ഉദാഹരണമാണ്. ‘യാന്ത്രികമായി’ അഭിനയിക്കുന്ന ഒരു ഫീലാണ് അദ്ദേഹത്തിന്റെ മുഖത്തും ദർശിക്കാൻ കഴിയുന്നത്. ഞെട്ടിക്കേണ്ട വില്ലൻ കഥാപാത്രമാകട്ടെ നനഞ്ഞ പടക്കമായാണ് മാറിയിരിക്കുന്നത്. ശക്തനായ വില്ലൻ ഉണ്ടെങ്കിലേ, ഏതൊരു നായകനും തിളങ്ങാൻ കഴിയുകയൊള്ളു. ദൗർഭാഗ്യവശാൽ ദളപതിക്ക് ബീസ്റ്റിൽ കിട്ടിയ വില്ലൻ, അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ തന്നെ മോശം വില്ലനാണ്.

ശിവ കാർത്തികേയൻ പടത്തിലെ കോമഡി വിജയ് സിനിമകളിൽ ഏശില്ലന്നതും, ഈ സിനിമ സംവിധായകനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.ഓരോ കഥ പറയുന്നതിനും അതി ന്റേതായ രീതികളുണ്ട്. ഗൗരവമായ കഥ പറയുമ്പോൾ, അതിനു അനുസരിച്ചുള്ള കഥാപാത്രങ്ങളെയാണ് സൃഷ്ടിക്കേണ്ടത്. എന്നാൽ, ഇവിടെ ശക്തമായ കഥ പോലും ഇല്ലാത്തതിനാൽ, അഭിനയിക്കാൻ വന്നവരും എന്തല്ലാമോ കാണിച്ചിട്ടു പോയി എന്നതാണ് വാസ്തവം.

ഈ സിനിമയിൽ അഭിനയിച്ചത് വിജയ് ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ്. നല്ല സിനിമകൾ ചെയ്ത് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ആവാനുള്ള അവസരമാണ് അദ്ദേഹമായിട്ടു തുലച്ചിരിക്കുന്നത്.പോക്കിരിക്കും തുപ്പാക്കിക്കും ശേഷം, ആരാധകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ വിജയ് ഇതുവരെ ചെയ്തിട്ടില്ല. ബിഗിലും മെർസലും എല്ലാം സാമ്പത്തിക വിജയം നേടിയ സിനിമകളാണെങ്കിലും ആരാധകർ കാണാൻ ആഗ്രഹിച്ച ഒരു വിജയ്, ഈ സിനിമകളിലും അപൂർണ്ണമാണ്. മാസ്റ്റർ സിനിമ പൂർണ്ണമായും ഒരു ലോകേഷ് കനകരാജ് സിനിമ ആയിരുന്നെങ്കിൽ, അത് വേറെ ലെവൽ ആകുമായിരുന്നു.എന്നാൽ മാസ്റ്റർ, ദളപതി സിനിമകളുടെ ‘പരമ്പരാഗത’ രീതിയോട് ചേർത്ത് എടുത്തതിനാൽ, ചില പോരായ്മകൾ ഈ സിനിമയ്ക്കും സംഭവിച്ചിട്ടുണ്ട്. എങ്കിലും സാമ്പത്തിക വിജയം നേടിയ സിനിമ തന്നെയാണിത്. പൂർണ്ണമായും ലോകേഷ് കനകരാജ് സ്റ്റൈലിൽ ഒരു വിജയ് സിനിമ ഉടൻ സംഭവിക്കുമെന്ന വാർത്തകളും ഈ ഘട്ടത്തിൽ വരുന്നുണ്ട്. അത് സംഭവിച്ചാൽ നല്ലതായിരിക്കും.

നല്ല സിനിമകൾ സംഭവിക്കണമെങ്കിൽ, നല്ല കഥയും, അതിനു പറ്റിയ നല്ല സംവിധായകരുമാണ് ആദ്യം വേണ്ടത്. തിരഞ്ഞെടുക്കുമ്പോൾ, ഇക്കാര്യമാണ് വിജയ് ആദ്യം ശ്രദ്ധിക്കേണ്ടത്. സുഹൃത്ത് ബന്ധം, ശുപാർശ, കടപ്പാട്, ഇതൊക്കെ മുൻ നിർത്തി സിനിമ ചെയ്താൽ, എട്ടു നിലയിലാണ് പൊട്ടുക. സുഹൃത്തുക്കളെ ഉൾപ്പെടെ പരിഗണിക്കേണ്ടതും തിരക്കഥ മുൻ നിർത്തിയാകണം. തിരക്കഥ ആവശ്യപ്പെടുന്നവരെയാണ് അതിൻ്റെ ഭാഗമാക്കേണ്ടത്. ഏത് മിടുക്കനായ സംവിധായകനായാലും എല്ലാ കഥയും അവർക്കു സിനിമയാക്കാൻ കഴിയുകയുമില്ല. അതു പോലെ തന്നെയാണ് താരങ്ങളുടെയും സ്ഥിതി. ദളപതി വിജയ് ,തെന്നിന്ത്യയിലെ സൂപ്പർ ഹീറോയാണ്. അദ്ദേഹത്തിനായി കഥ തയ്യാറാക്കുമ്പോൾ അതും സംവിധായകർ ഓർക്കേണ്ടതുണ്ട്. വിജയ് സിനിമകൾക്കു കിട്ടുന്ന ഒരു ഓപ്പണിങ്ങ്, ഇന്ത്യയിൽ ലഭിക്കുന്നത് ഏതാനും ചില താരങ്ങൾക്കു മാത്രമാണ്. അതും, ബീസ്റ്റ് സിനിമയുടെ സംവിധായകൻ ഓർക്കണമായിരുന്നു. 1000 കോടിക്കും മീതെ കളക്ഷൻ നേടാനുള്ള അവസരമാണ് ബീസ്റ്റ് തുലച്ചിരിക്കുന്നത്.

അടുത്തയിടെ പുറത്തിറങ്ങിയ ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ ”അറ്റാക്ക്” എന്ന സിനിമ കണ്ടവർക്ക് ബീസ്റ്റ് സിനിമ കണ്ടാൽ ‘കോമഡി’ ആയാണ് ഫീൽ ചെയ്യുക. ‘അറ്റാക്കിലും’ വില്ലൻ തീവ്രവാദിയും, നായകൻ ബീസ്റ്റിലെ പോലെ തന്നെ വിദഗ്ദ പരിശീലനം ലഭിച്ച ഒരു സൈനികനുമാണ്. അറ്റാക്കിലെ നായകന്റെ ഓപ്പറേഷനും, വില്ന്റെ പ്രതിരോധവും കണ്ടാൽ, ബീസ്റ്റിന്റെ അണിയറ പ്രവർത്തകരുടെ പോലും മുട്ടിടിക്കും. എങ്ങനെയാണ് തീവ്രവാദികളെ ചിത്രീകരിക്കേണ്ടതെന്നും, എന്താണ് വൺമാൻ ആർമി ഓപ്പറേഷനെന്നതും, “അറ്റാക്ക് ‘ പ്രേക്ഷകരെ ഓർമ്മപ്പെടുത്തുന്നുണ്ട്.

കഥാപാത്രത്തിനു നൽകിയ പദവിയിലും, ബീസ്റ്റിന്റെ സംവിധായകന് വലിയ പിശകു പറ്റിയിട്ടുണ്ട്. റോ ഏജന്റെയാണ് ഇതിൽ നായകനെ ചിത്രീകരിച്ചിരിക്കുന്നത്. താൻ ഒരു സൈനികനാണ് എന്ന് നായകൻ പറയുന്ന സീനും അതിലുണ്ട്. ഇക്കാര്യത്തിൽ പ്രേക്ഷകർക്ക് കൂടുതൽ വ്യക്തത വരുത്താനുള്ള സാഹചര്യവും സംവിധായകൻ സൃഷ്ടിച്ചിട്ടില്ല. അതും വലിയ വീഴ്ച തന്നെയാണ്.

റോ (റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ്) എന്നത് ഇന്ത്യയുടെ വിദേശ രഹസ്യാനേഷണ ഏജൻസിയാണ്. വിവിധ സേനാ വിഭാഗങ്ങളിൽ നിന്നുൾപ്പെടെ കർശനമായ സ്ക്രീനിങ്ങിലൂടെ തിരഞ്ഞെടുക്കുന്നവരാണ് ഈ വിഭാഗത്തിൽ സേവനമനുഷ്ടിക്കുന്നവരിൽ വലിയ വിഭാഗവും. ഇതിൽ തന്നെ, ഐ.പി.എസുകാരാണ് കൂടുതൽ. ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും മുൻ കേരള കേഡർ ഐ.പി.എസ് ഓഫീസറുമായ അജിത് ദോവലും മുൻപ് റോയുടെ ഭാഗമായിരുന്നു. പാക്കിസ്ഥാനിൽ ഉൾപ്പെടെ അദ്ദേഹം നടത്തിയ ഒളിവ് ജീവിതം സിനിമാ കഥയെ പോലും വെല്ലുന്നതാണ്. കമാൻഡോ പരിശീലനം, അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നതിലുള്ള മിടുക്ക് തുടങ്ങിയവയും റോ ഉദ്യോഗസ്ഥർക്കു നൽകുന്നുണ്ട്. ബുദ്ധിരാക്ഷസൻമാരായാണ് പൊതുവെ റോ ഉദ്യോഗസ്ഥർ വിലയിരുത്തപ്പെടുന്നത്. പാക്കിസ്ഥാനിൽ ഉൾപ്പെടെ ലോകത്തെ മിക്ക രാജ്യങ്ങളിലും ശക്തമായ നെറ്റ് വർക്കാണ് ‘റോ’ക്കുള്ളത്.
അത്തരമൊരു വിഭാഗത്തിൽ വിദേശത്ത് പ്രവർത്തിച്ചു പരിചയമുള്ള ആളായാണ് ബീസ്റ്റിലെ നായകനെ സംവിധായകൻ ചിത്രീകരിക്കാൻ ശ്രമിച്ചിരിക്കുന്നത്. നായകൻ റോ വിട്ടതിന് മതിയായ കാരണം വ്യക്തമാക്കുന്നതിലും സംവിധായകൻ പരാജയപ്പെട്ടു. റോ ഓപ്പറേഷനിൽ ടാർഗറ്റാണ് മുഖ്യം, അതിനിടയിൽ ആരെങ്കിലും പെട്ടു പോകരുത് എന്നു ഉറപ്പു വരുത്തി ഒരു ഓപ്പറേഷനും അവർക്കു നടത്താൻ കഴിയുകയില്ല. ഇതേ കുറിച്ച് പ്രാഥമിക ബോധം പോലും ഇല്ലാതെയാണ് ബീസ്റ്റിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റോ എന്താണ് എന്നതു സാധാരണക്കാരായ പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ, ഒരു ഘട്ടത്തിൽ പോലും സംവിധായകൻ ശ്രമിക്കാത്തത്, അത് എന്താണ്, എന്താണ് പ്രവർത്തന രീതി എന്നു അറിയാത്തതു കൊണ്ടു തന്നെയാണ്. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് റോയുടെ പ്രവർത്തനം പുറം ലോകം കാര്യമായി അറിയാറില്ല. അമേരിക്കയുടെ സി.ഐ.എ, ഇസ്രയേലിന്റെ മൊസാദ് പോലെ അതീവ രഹസ്യമായാണ് റോയും ഓപ്പറേഷൻ നടത്തുക. അതാകട്ടെ രാജ്യ താൽപ്പര്യം മുൻ നിർത്തി യുമാകും. ബീസ്റ്റിലെ നായകൻ ചെയ്തതു പോലെ വലിയ ഓപ്പറേഷനു ഇടയിലെ ചെറിയ ‘പിഴവി’ന്റെ പേരിൽ ആരും തന്നെ റോ വിട്ട്, മാളിലെ സെക്യൂരിറ്റി പണിക്ക് പോകാറില്ല. ബീസ്റ്റിന്റെ തുടക്കത്തിലെ ഈ പിഴവ് തന്നെയാണ് അവസാനം വരെ പ്രേക്ഷകരെ ബോറടിപ്പിച്ചു മുന്നോട്ട് കൊണ്ടു പോകുന്നത്.

ഇനിയെങ്കിലും, കഥയെയും സംവിധായകനെയും വിലയിരുത്തി അഭിനയിച്ചില്ലങ്കിൽ, അത് വിജയ് എന്ന നടന്റെ കരിയറിനെയാണ് ബാധിക്കുക. ബീസ്റ്റ് പ്രതികരണം നൽകുന്ന മുന്നറിയിപ്പും അതു തന്നെയാണ്.

EXPRESS VIEW

 

Top