മലപ്പുറം: മലപ്പുറത്ത് വണ്ടൂരില്‍ മൂന്നര വയസുകാരിയെ മര്‍ദിച്ച കേസില്‍ പൊലീസിനെതിരെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി രംഗത്ത്. പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന പൊലീസ് വാദത്തിനെതിരെയാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി രംഗത്തെത്തിയത്.
ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നാണ് സിഡബ്ല്യുസി ആരോപണം ഉന്നയിക്കുന്നത്. കുട്ടിയ്ക്ക് എതിരായ ക്രൂരത അറിഞ്ഞിട്ടും ഇടപെടാതിരുന്ന ശിശുവികസന ഓഫീസര്‍മാര്‍ക്ക് എതിരെ നടപടി എടുക്കും എന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ പറഞ്ഞു.
കുട്ടിയെ അമ്മയുടെ അമ്മയാണ് മര്‍ദിച്ചത്. കുട്ടിയുടെ കഴുത്തിലും കൈകാലുകളിലും അടിയേറ്റ പാടുകളുമുണ്ട്. ദിവസങ്ങളായി ആവശ്യത്തിന് ഭക്ഷണം കൊടുത്തിട്ടില്ലെന്നാണ് ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കിയത്. കുട്ടിയെ ചൈല്‍ഡ് ലൈന്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പ്രദേശവാസികളാണ് കുട്ടിയുടെ അവസ്ഥ പുറത്തു കൊണ്ടു വന്നത്. കുട്ടിയെ പട്ടിണിക്കിട്ടുവെന്നും അയല്‍വാസികള്‍ പറഞ്ഞു. ദിവസങ്ങളായി ആവശ്യത്തിന് ആഹാരം ലഭിക്കാത്തതിനാല്‍ എല്ലുകള്‍ പൊന്തിയ നിലയിലായിരുന്നു. തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ ഇടപെട്ടത്.
മുത്തശ്ശന്‍, മുത്തശ്ശി, അമ്മ, നാല് മക്കള്‍ എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടിയുടെ പിതാവ് ഉപേക്ഷിച്ച് പോയതാണ്. അമ്മയെയും നാല് കുട്ടികളെയും ചൈല്‍ഡ് ലൈന്റെ സംരക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്.