ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ അധ്യാപിക ഷീല അരുള്‍ റാണിയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
ഗൃഹപാഠം ചെയ്തില്ലെന്ന കാരണത്താലായിരുന്നു അധ്യാപിക കുട്ടിയെ മര്‍ദ്ദിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ ശരീരത്തില്‍ വടികൊണ്ട് തല്ലിയ നിരവധി പാടുകള്‍ കാണുകയും വെള്ളം പോലും കുടിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്തതോടെയാണ് മാതാപിതാക്കള്‍ വിവരം തിരക്കിയത്. കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിലെത്തി വിവരം പ്രധാന അധ്യാപകനെ അറിയിച്ചു. പ്രധാന അധ്യാപകന്‍ അധ്യാപികയെ വിളിച്ചു വരുത്തി സംസാരിക്കുകയും മാതാപിതാക്കളോട് മാപ്പ് പറയുകയും ചെയ്തു. മാതാപിതാക്കള്‍ പിന്നീട് ചൈല്‍ഡ് ലൈനും പൊലീസിനും പരാതി നല്‍കുകയായിരുന്നു.