ന്യൂഡല്‍ഹി: പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ കോടതിയില്‍ വച്ച് തന്നെ മര്‍ദ്ദിച്ചെന്ന് രാജ്യദ്രോഹ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ മൊഴി.
പട്യാല ഹൗസ് കോടതിക്കു മുന്നില്‍വച്ച് അഭിഭാഷകര്‍ തന്നെ മര്‍ദിച്ചതും വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിച്ചതും പൊലീസിനു മുന്നില്‍വച്ചായിരുന്നു. പട്യാല കോടതിക്കു പുറത്തു അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടും പൊലീസ് അവരെ അറസ്റ്റ് ചെയ്തില്ലെന്നും കനയ്യ സുപ്രീംകോടതി നിയോഗിച്ച അഭിഭാഷക സമിതിക്കു മുന്‍പില്‍ മൊഴി നല്‍കുന്നതിന്റെ വീഡിയോയും സിഎന്‍എന്‍-ഐബിഎന്‍ പുറത്തുവിട്ടു.
കോടതിയിലെത്തിയ ഉടന്‍ മാദ്ധ്യമങ്ങള്‍ വളഞ്ഞു. പൊലീസ് തന്നെ ഗേറ്റിനകത്തെത്തിച്ചു. അപ്പോള്‍ അഭിഭാഷക യൂണിഫോമിട്ട ഒരാള്‍ അവസരത്തിന് കാത്തിരുന്ന പോലെ തന്നെ മര്‍ദ്ദിച്ചു. അവനെത്തി എന്ന് വിളിച്ച് പറഞ്ഞായിരുന്നു ആക്രമണം. ഇടയില്‍ തന്റെ പാന്റടക്കം അഴിഞ്ഞു പോകുന്ന അവസ്ഥയായി. അവരെന്നെ നിലത്തിട്ട് ചവുട്ടി. എല്ലാവരും കൂടി എന്നെ മര്‍ദ്ദിച്ചു. തന്നെ അകത്തെത്തിച്ച ചില പൊലീസുകാര്‍ക്കും മര്‍ദ്ദനമേറ്റതായി കനയ്യ പറഞ്ഞു. എന്നെ തള്ളി നിലത്തിട്ടു. തല്ലിയ അഭിഭാഷകന്‍ ഒരു റൂമിലേയ്ക്ക് കയറിയിരിപ്പായി. അയാളാണ് എന്നെ ആക്രമിച്ചതെന്ന് വീണ്ടും പറഞ്ഞു. ഒരു പൊലീസുകാരന്‍ ഇയാളോട് തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. എന്നാല്‍ അത് ചോദിയ്ക്കാന്‍ നിങ്ങളാരാണെന്ന് ചോദിച്ച അഭിഭാഷകന്‍ പൊലീസിനോട് തിരിച്ച് ഐ.ഡി കാര്‍ഡ് ചോദിച്ചു. പൊലീസ് ഒന്നും പ്രതികരിച്ചില്ല.
അയാള്‍ക്കെതിരെ എനിയ്ക്ക് പരാതി നല്‍കണമെന്ന് ഞാന്‍ പൊലീസിനോട് പറഞ്ഞു. പക്ഷെ ഒന്നും സംഭവിച്ചില്ല. എന്നെ അവര്‍ അകത്തിരുത്തി. കുടിയ്ക്കാന്‍ വെള്ളം തന്നു. എന്റെ അദ്ധ്യാപകന്‍ കൂടെയുണ്ടായിരുന്നു. പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ എങ്ങനെയാണ് അവരെന്ന അടിച്ചതെന്ന് എന്റെ പ്രൊഫസര്‍ പൊലീസുകാരോട് ചോദിച്ചു. ആദ്യ തവണ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ ആക്രമിച്ചിരുന്നില്ല. ആ സമയത്ത് തനിയ്ക്ക് അഭിഭാഷകനുമുണ്ടായിരുന്നില്ലെന്നും കനയ്യ പറഞ്ഞു.
ഫെബ്രുവരി 17 ന് ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് കനയ്യ കുമാറിനെ ഒരു കൂട്ടം അഭിഭാഷകര്‍ ആക്രമിച്ചത്. ഇതേത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകരടങ്ങിയ ആറംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇവര്‍ക്കു മുന്‍പില്‍ കനയ്യ നല്‍കിയ മൊഴിയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.