ന്യൂഡല്‍ഹി: മികച്ച സംരഭകനാകാന്‍ വ്യക്തിഗത ഗുണങ്ങളില്‍ നല്ല പൊക്കവും മനോഹരമായ മുഖവും വേണമെന്ന് രാജസ്ഥാനിലെ സ്‌കൂള്‍ പാഠപുസ്തകം.
രാജസ്ഥാനില്‍ പുതിയ പാഠ്യപദ്ധതി പ്രകാരം പുറത്തിറങ്ങാനിരിക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാഠപുസ്തകത്തിലാണ് ഇങ്ങനെ പറയുന്നത്.
നൈപുണ്യ വികസനത്തെ കുറിച്ചുള്ള പാഠ ഭാഗത്തിലാണ് വിജയിയായ ഒരു സംരഭകന് നല്ല പൊക്കവും മുഖഭംഗിയും വേണമെന്ന് പറയുന്നത്. അടുത്ത അക്കാദമിക് വര്‍ഷം നിലവില്‍ വരുന്ന പുസ്തകത്തിന്റെ കോപ്പി ഓണ്‍ലൈനില്‍ ഇപ്പോള്‍ ലഭ്യമാണ്.
പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവിധ പദ്ധതികളെ കുറിച്ചുള്ള പാഠഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോട്ട് നിരോധനം, സ്വച്ഛ് ഭാരത് മിഷന്‍ എന്നീ പദ്ധതികള്‍ക്കൊപ്പം രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയുടെ പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മോദിയുടെ സ്വച്ഛ്ഭാരത് പദ്ധതിയുടെ നേട്ടങ്ങളും അതിന്റെ വിശദാംശങ്ങളും അടക്കം പുസ്‌കത്തില്‍ ഒരു വലിയ പാഠഭാഗം തന്നെയുണ്ട്. വിദ്യാര്‍ത്ഥികളോട് സ്വച്ഛ്ഭാരത് പ്രതിജ്ഞയെടുക്കാനും ഈ പാഠഭാഗങ്ങളില്‍ ആവര്‍ത്തിച്ച് ഉപദേശിക്കുന്നുണ്ട്.
നേരത്തെ ലൈംഗീക പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസിലെ ഭൗതികശാസ്ത്ര പാഠഭാഗങ്ങള്‍ വിവാദത്തിലായിരുന്നു. ഇതിന്റെ പ്രസാധകര്‍ക്കെതിരെ പോലീസ് കേസ് നിലനില്‍ക്കുന്നുണ്ട്.