ലീന മരിയ പോള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ പരാതിക്കാരി ലീന മരിയ പോള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരളത്തില്‍ ലീനയ്‌ക്കെതിരെ എത്ര കേസുകളുണ്ടെന്ന് അറിയിക്കാന്‍ കഴിഞ്ഞ ദിവസം കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് കോടതിക്ക് കൈമാറും. അധോലോക കുറ്റവാളി രവി പൂജാരിയുടെ നിര്‍ദേശ പ്രകാരമാണ് വിളിക്കുന്നതെന്ന് ഫോണില്‍ പരിചയപ്പെടുത്തിയ അജ്ഞാതന്‍, 25 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നും ഇപ്പോഴും ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും നടി കോടതിയെ അറിയിച്ചിരുന്നു.

രവി പൂജാരിയോ അല്ലെങ്കില്‍ രവി പൂജാരിയുടെ പേരില്‍ മറ്റാരെങ്കിലുമോ ആകാം ഭീഷണിപ്പെടുത്തുന്നതെന്ന് കാണിച്ച് ലീന, സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, സൗത്ത് കൊറിയയില്‍ നിന്നുള്ള നെറ്റ് കോള്‍ ആയാണ് ഭീഷണിയെത്തിയതെന്നും ലീന മരിയ പോള്‍ പൊലീസിനെ അറിയിച്ചു.

കഴിഞ്ഞ 15 നായിരുന്നു കൊച്ചി പനമ്പള്ളി നഗറിലെ ലീന മരിയ പോളിന്റെ ദി നെയില്‍ ആര്‍ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറിന് നേരേ വെടിവെപ്പുണ്ടായത്. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കെട്ടിടത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ബ്യൂട്ടി പാര്‍ലറിന്റെ സ്റ്റെയര്‍ കേസിന് നേര്‍ക്ക് വെടിയുതിര്‍ത്ത സംഘം ബൈക്കില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു.

Top