ശ്രീനഗര്‍: കശ്മീരില്‍ ഭീകരര്‍ പുതിയ പോര്‍മുഖം തുറന്നതായി സുരക്ഷാ ഏജന്‍സികളുടെ രഹസ്യവിവരം.
സമൂഹ മാധ്യമങ്ങളെ സമര്‍ഥമായി ഉപയോഗിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തി യുവാക്കളെ സ്വാധീനിക്കുകയാണ് ഭീകരരുടെ പുതിയ തന്ത്രമെന്ന് സുരക്ഷാ ഏജന്‍സികള്‍ പറയുന്നു.
‘ബെഡ്‌റും ജിഹാദെ’ന്നാണ് ഭീകരരുടെ പുതിയ പോര്‍മുഖത്തിന് സുരക്ഷാ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന പേര്. കലാപങ്ങള്‍ ഇല്ലാത്ത കശ്മീരിലെ സുരക്ഷിതമായ സ്ഥലങ്ങളിലോ ഇന്ത്യയ്ക്ക് പുറത്തോ എവിടെയെങ്കിലുമിരുന്ന് സാമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണ് ഇവരുടെ രീതി. കംപ്യൂട്ടറുകളും സ്മാര്‍ട്ട് ഫോണുകളുമാണ് പുതുതലമുറ ഭീകരരുടെ പോരാട്ട ആയുധങ്ങള്‍.
തോക്കും ബോംബുകളും ഉപയോഗിച്ച ചാവേറാക്രമണം നടത്തുന്നതിനേക്കാള്‍ സമര്‍ഥമായി തദ്ദേശവാസികളെ ഉപയോഗിച്ച് സൈന്യത്തിനെതിരെ പോരാട്ടമുഖം തുറക്കുകയാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്.
അമര്‍നാഥ് തീര്‍ഥയാത്ര ആരംഭിക്കാനിരിക്കെ വലിയ സുരക്ഷാ ഭീഷണിക്കാണ് കശ്മീര്‍ സാക്ഷ്യം വഹിക്കുന്നത്.മതവികാരം വൃണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍, ചിത്രങ്ങള്‍, വ്യാജ വാര്‍ത്തകള്‍ തുടങ്ങിയവ പ്രചരിപ്പിക്കുന്നത് കാര്യങ്ങള്‍ കൈവിട്ടുപോകുമോയെന്ന് സൈന്യം ഭയപ്പെടുന്നു.