ന്യൂഡല്‍ഹി: ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ല, കേരളത്തില്‍ ബീഫ് ഉപയോഗം തുടരുമെന്നും ടൂറിസം മന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനം.
”ഗോവയില്‍ ബീഫ് ഉപയോഗിക്കുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ കേരളത്തിലും ബീഫ് ഉപയോഗിക്കും. ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ല. ഒരു സ്ഥലത്തെയും ആഹാര ശീലം നമുക്ക് നിര്‍ബ്ബന്ധിച്ച് മാറ്റാനാവില്ല. ജനങ്ങള്‍ക്കാണ് തീരുമാനമെടുക്കാനുള്ള അവകാശം.’ അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ ബീഫ് കഴിക്കാമെങ്കില്‍ കേരളത്തില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും കണ്ണന്താനം പറഞ്ഞു.
ബിജെപിയെക്കുറിച്ച് ക്രിസ്തീയ സമുദായങ്ങള്‍ ഉന്നയിച്ച ചില ആശങ്കകളെയും കണ്ണന്താനം അഭിസംബോധന ചെയ്തു. ‘2014ല്‍ ഒരുപാട് പ്രചരണങ്ങള്‍ നടന്നിട്ടുണ്ട്. മോഡി അധികാരത്തില്‍ വന്നാല്‍ ക്രിസ്ത്യാനികളെ കത്തിക്കും, സഭകള്‍ തകര്‍ക്കപ്പെടും എന്നിങ്ങനെ. എന്നാല്‍ ഈ കാലയളവുകൊണ്ട് പ്രധാനമന്ത്രി അതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ്. നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും നിങ്ങള്‍ക്ക് വിശ്വസിക്കാമെന്നും എന്തു വന്നാലും ഞാന്‍ നിങ്ങളെ സംരക്ഷിക്കുമെന്നും മോദി വ്യക്തമാക്കിയിരിക്കുന്നു.’ അദ്ദേഹം വ്യക്തമാക്കി.