beer purity checking mobile application

ലണ്ടന്‍: ബിയര്‍ വാങ്ങുമ്പോള്‍ അത് ശുദ്ധമാണോ എന്നൊന്നും ആരും ശ്രദ്ധിക്കാറുണ്ടാകില്ല. എത്രയും വേഗം അതെങ്ങനെ വയറ്റിലാക്കാം എന്നാകും പലരും ചിന്തിക്കുക.

ബിയറിന്റെ ശുദ്ധി പരിശോധിക്കാന്‍ ഒരു എളുപ്പ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് മാട്രിഡിലെ കംപ്ല്യൂട്ടെന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍. ഇതിന് വേണ്ടി മൊബൈല്‍ ആപ്പാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍ പരിശോധനയ്‌ക്കെടുത്ത ഒരു കുപ്പി ബിയര്‍ ശുദ്ധമാണെന്ന് കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു.

മറ്റൊരു കുപ്പി ബിയര്‍ പരീക്ഷണ വിധേയമാക്കിയപ്പോള്‍ അത് ശുദ്ധമല്ലെന്ന് കണ്ടെത്തിയതായും ഗവേഷകര്‍ പറഞ്ഞു. ഇത് ഉറപ്പു വരുത്താന്‍ മദ്യത്തിന്റെ ശുദ്ധി നോക്കുന്ന ഉപകരണത്തില്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മൊബൈല്‍ ആപ്പിന്റെയും ഉപകരണത്തിന്റേയും കണ്ടെത്തല്‍ ഒന്നു തന്നെയായിരുന്നുവെന്നും ഗവേഷകര്‍ വ്യക്തമാക്കി.

മൊബൈല്‍ ആപ്പുമായി ബന്ധപ്പെടുത്തിയിട്ടുള്ള പോളിമര്‍ സെന്‍സര്‍ ഉപയോഗിച്ചാണ് ബിയറിന്റെ ശുദ്ധി പരിശോധിക്കുന്നത്. ബിയര്‍ ശുദ്ധമല്ലെങ്കില്‍ പോളിമര്‍ സെന്‍സറിന്റെ കളറില്‍ മാറ്റമുണ്ടാകും.

ബിയര്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന വസ്തുക്കളുടെ പ്രത്യേകത, ഇവ സൂക്ഷിക്കുന്ന അന്തരീക്ഷം എന്നിവയെ ആശ്രയിച്ചാണ് ആപ്പ് ശുദ്ധി പരിശോധിക്കുന്നത്. ബിയറില്‍ എന്തെങ്കിലും രീതിയിലുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അതും ആപ്പ് കണ്ടുപിടിയ്ക്കുമെന്നാണ് ഗവേഷകരുടെ വാദം. ചെലവുകുറഞ്ഞ സംവിധാനമായതുകൊണ്ട് സാധാരണക്കാര്‍ക്കും ആപ്പ് എളുപ്പത്തില്‍ ലഭ്യമാക്കാമെന്നും ഗവേഷകര്‍ പറയുന്നു.

നിലവില്‍ ബാറുകളിലും മറ്റും മദ്യത്തിന്റെ ശുദ്ധി പരിശേധിക്കുന്നതിന് ക്രൊമറ്റോഗ്രാഫി ഉള്‍പ്പെടെയുള്ള ടെക്‌നോളജികളാണ് ഉപയോഗിച്ചു വരുന്നത്.

Top