2016ല്‍ നരേന്ദ്ര മോദി ഗവണ്‍മെന്റിന്റെ ആദ്യ ഭരണ കാലയളവിലാണ് പൗരത്വ ഭേദഗതി ബില്‍ ആവിഷ്‌കരിക്കുന്നത്.2019 ജനുവരിയില്‍ ലോക്‌സഭ ബില്‍ പാസാക്കിയെങ്കിലും മെയില്‍ കാലാവധി അവസാനിച്ചതോടെ നിയമമായില്ല. പുതിയ പൗരത്വ ഭേദഗതി ഡിസംബറിലാണ് ഇരുസഭകളിലും പാസായത്. 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്താണ് മൂന്ന് ഇസ്ലാമിക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളില്‍ പെട്ട അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കാന്‍ തീരുമാനിച്ചത്.
പൗരത്വ നിയമത്തിലേക്ക് എത്തുന്നതിന് മുന്‍പ് മൂന്ന് സുപ്രധാന തീരുമാനങ്ങളാണ് ഈ മാറ്റത്തിന് വഴിയൊരുക്കിയത്. അരുണാചല്‍ പ്രദേശിലെ അഭയാര്‍ത്ഥികളായ ചക്മാ, ഹജോംഗ് വിഭാഗങ്ങള്‍ 2017 സെപ്റ്റംബറിലാണ് സുപ്രീംകോടതി ഉത്തരവ് പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വം നല്‍കാന്‍ തീരുമാനിച്ചത്. ബംഗ്ലാദേശിലെ ചിറ്റഗോംഗ് കുന്നുകളില്‍ നിന്നുള്ള ഈ അഭയാര്‍ത്ഥികള്‍ മിസോ ജനങ്ങള്‍ക്ക് പ്രശ്‌നമാകാതെ നോക്കാനാണ് നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ ഏജന്‍സിയ്ക്ക് കീഴിലേക്ക് മാറ്റുന്നത്. ഈ നോര്‍ത്ത് ഈസ്റ്റ് മേഖലയാണ് അരുണാചല്‍ പ്രദേശായി മാറിയത്.
ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും മുസ്ലീങ്ങള്‍ ഒഴികെയുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് താമസസ്ഥലങ്ങളും, ബിസിനസ്സുകളും സ്വന്തമാക്കാന്‍ 2018 മാര്‍ച്ചില്‍ മറ്റൊരു തീരുമാനവും കൈക്കൊണ്ടു. ഈ മൂന്ന് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിഖ്, ബുദ്ധിസ്റ്റ്, ജെയിന്‍, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കാണ് താമസിക്കാനും, സ്വയംതൊഴിലിനും ഒരു യൂണിറ്റ് കൈവശം വെയ്ക്കാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയത്. കേന്ദ്രത്തിന്റെ ലോംഗ് ടേം വിസയുള്ളവര്‍ക്കാണ് അവകാശം കൈമാറിയത്.
ഇതിന് പുറമെ മൂന്ന് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തി വിസാ കാലാവധി കഴിഞ്ഞ് മടങ്ങാത്ത ന്യൂനപക്ഷങ്ങള്‍ക്ക് വിദേശകാര്യ മന്ത്രാലയം ഈ വര്‍ഷം ഇളവ് അനുവദിച്ചിരുന്നു. 90 ദിവസം വരെ അധികമായി തങ്ങിയാല്‍ 300 ഡോളറാണ് പിഴ. ഇത് ന്യൂനപക്ഷങ്ങള്‍ക്ക് 100 രൂപയായി കുറച്ചു. 91 ദിവസം മുതല്‍ 2 വര്‍ഷം വരെ ന്യൂനപക്ഷങ്ങള്‍ അധിക താമസത്തിന് 200 രൂപ പിഴയും, 2 വര്‍ഷത്തിന് മുകളില്‍ 500 രൂപയുമായി പിഴ ചുരുക്കി.
മൂന്ന് നയതീരുമാനങ്ങളും പൗരത്വ നിയമം പാര്‍ലമെന്റ് പാസാക്കുന്നത് വരെ അധികം പേരും ശ്രദ്ധിച്ചിരുന്നില്ല. മോദി ഗവണ്‍മെന്റ് ഈ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ഒരുങ്ങുന്നെന്ന വ്യക്തമായ സൂചനയായിരുന്നു ഇവയെല്ലാം.