ബോളിവുഡില്‍ സൂപ്പര്‍താരമാവുന്നതിനമുമ്പ് പല ജോലികളും ചെയ്തിട്ടുണ്ട് അക്ഷയ് കുമാര്‍. അങ്ങനെയുള്ള നാളുകളിലൊന്നില്‍ ചമ്പല്‍ കൊള്ളസംഘത്തെ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. അനുപം ഖേര്‍ നയിക്കുന്ന ടോക്ക് ഷോയില്‍ ഈയിടെ അതിഥിയായി പങ്കെടുത്തപ്പോഴാണ് അക്ഷയ് കുമാര്‍ ഈ കഥ പങ്കുവെച്ചത്.
ഇപ്പോഴില്ലാത്തതും അന്ന് ഏറെ പ്രചാരത്തിലുണ്ടായിരുന്നതുമായ ഫ്രണ്ടിയര്‍ മെയില്‍ ട്രെയിനില്‍ ആഭരണങ്ങളും മറ്റും വില്‍ക്കുന്ന ജോലിയുണ്ടായിരുന്നു അക്ഷയ് കുമാറിന്. ആ കാലത്തുനടന്ന ഒരു സംഭവമാണ് താരം അനുപം ഖേര്‍ ഷോയില്‍ ഓര്‍മിച്ചത്. ഒരിക്കല്‍ അയ്യായിരം രൂപയോളം വില വരുന്ന തുണിത്തരങ്ങളും അവശ്യവസ്തുക്കളുമായി തീവണ്ടിയില്‍ ഡല്‍ഹിയിലേക്ക് വരികയായിരുന്നു അദ്ദേഹം. ഈ യാത്രയിലാണ് ചമ്പല്‍ സംഘം അക്ഷയുടെ സാധനങ്ങള്‍ കൊള്ളയടിച്ചത്.
തീവണ്ടി ചമ്പലില്‍ എത്തിയപ്പോള്‍ ഏതാനും കൊള്ളക്കാര്‍ തീവണ്ടിയില്‍ക്കയറി. ഈ സമയം ഉറങ്ങിക്കൊണ്ടിരുന്ന തനിക്ക് പെട്ടന്ന് കൊള്ളസംഘത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടു. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി സീറ്റില്‍ത്തന്നെ ഉറക്കം നടിച്ചുകിടന്നു. ചെരിപ്പുള്‍പ്പെടെ ഒന്നൊഴിയാതെ എല്ലാം കൊള്ളയടിക്കപ്പെട്ടു. ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വെറുംകയ്യോടെയാണ് ഇറങ്ങിയതെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
സിനിമയിലേക്ക് എത്തുന്നതിന് മുന്‍മ്പ് താന്‍ അനുഭവിച്ച കാര്യങ്ങളും മറ്റ് ജോലികളും പല വേദികളിലായ് അക്ഷയ് കമാര്‍ ഇതിന് മുന്‍മ്പും പങ്കുവച്ചിട്ടുണ്ട്. ചാന്ദ്‌നി ചൗക്കില്‍ താനുള്‍പ്പെടെ 24 പേര്‍ ഒരേ വീട്ടില്‍ താമസിച്ച കഥ ഈയിടെ അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞിരുന്നു. എല്ലാവരും ഒരേമുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യാന്‍ പോകണമെങ്കില്‍ ഒരാള്‍ക്ക് അടുത്തയാളുടെ മുകളിലൂടെ ചാടണമായിരുന്നുവെന്നും അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.