ശ്രീനഗര്‍: മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അതിക്രൂരമായാണ് കഴിഞ്ഞ ദിവസം കശ്മീരില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. മകനെ കൊല്ലരുതെന്നും അവന്‍ ജോലി രാജിവയ്ക്കുമെന്നും കേണപേക്ഷിച്ചിട്ടും കേട്ടില്ലെന്ന് കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ അമ്മ.
കശ്മീര്‍ പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോസ്ഥരെയടക്കം മൂന്ന് പേരെയും വീടുകളില്‍ നിന്നാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ കൊണ്ടു പോയത്. ദിവസങ്ങള്‍ക്ക് മുന്‍പ് കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ജോലി രാജിവയ്ക്കുകയും രാജിക്കത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യണമെന്നും തീവ്രവാദികള്‍ ആവശ്യപ്പെട്ടിരുന്നു.
നിസാര്‍ അഹമ്മദ് എന്ന കശ്മീര്‍ പ്രത്യേക പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥന്റെ അമ്മയാണ് മകന്റെ മോചനം ആവശ്യപ്പെട്ട് വീഡിയോയില്‍ വന്നത്. മകനെ വെറുതെ വിട്ടാല്‍ അവന്‍ ഉറപ്പായും രാജിവയ്ക്കുമെന്ന് അമ്മ കൈകള്‍ കൂപ്പി കരഞ്ഞ് പറയുന്നതാണ് വീഡിയോ. 70 വയസ്സു പ്രായമുള്ള സൈദ ബീഗം എന്ന അമ്മയുടെ അപേക്ഷ തീവ്രവാദികളെ നിലപാടില്‍ നിന്നും മാറ്റി ചിന്തിപ്പിച്ചില്ല.
വെള്ളിയാഴ്ച രാജിവയ്ക്കുമെന്നാണ് കുടുംബം തീരുമാനിച്ചിരുന്നത്. നിസാര്‍ അവന്റെ മാതാപിതാക്കള്‍ക്ക് ഏക മകനാണെന്നും ജീവന്‍ കളഞ്ഞ് ജോലി വേണ്ടെന്ന നിലപാടിലായിരുന്നു കുടുംബമെന്നും നിസാറിന്റെ ബന്ധു വ്യക്തമാക്കി.
തട്ടിക്കൊണ്ട് പോയി അരമണിക്കൂറിനകം തന്നെ കശ്മീര്‍ പൊലീസുകാരെ തീവ്രവാദികള്‍ വധിച്ചു. രാവിലെ 7 മണിയോട് കൂടിയാണ് തീവ്രവാദികള്‍ വീടുകളിലെത്തി പൊലീസ് ഉദ്യോഗസ്ഥരെ പിടികൂടി കൊണ്ടുപോയത്.
പ്രായമായ മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് നിസാര്‍ അഹമ്മദിന്റെ കുടുംബം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു നിസാര്‍. രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള തീവ്രവാദികളുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിനോടകം രാജിവച്ചു.