രാജ്യസഭയിലേക്ക് പുതിയ നോമിനികളായി ആരെയൊക്കെ നിര്‍ദ്ദേശിക്കണമെന്ന ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് നേതൃത്വം. പ്രിയങ്ക ഗാന്ധി വദ്രയെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും രാജ്യസഭയിലേക്ക് എത്തിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. 55 രാജ്യസഭാ അംഗങ്ങളാണ് ഏപ്രില്‍ മാസത്തില്‍ വിരമിക്കുന്നത്.
കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ രാജസ്ഥാന്‍ മുതല്‍ ജാര്‍ഖണ്ഡ് വരെയുള്ള സംസ്ഥാനങ്ങളിലാണ് പത്ത് സീറ്റുകളുള്ളത്. മധ്യപ്രദേശില്‍ നിന്നുള്ള നേതാക്കള്‍ പ്രിയങ്കയെ ഇവിടെ മത്സരിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് സീറ്റുകളാണ് ഇവിടെ രാജ്യസഭയിലേക്കുള്ളത്. രാജസ്ഥാനില്‍ മൂന്നും, ചത്തീസ്ഗഢില്‍ രണ്ടും സീറ്റുണ്ട്.
ഇതിനിടെ മറ്റൊരു അഭിമാന പ്രശ്‌നം കൂടി കോണ്‍ഗ്രസിന് ഈ വിഷയത്തിലുണ്ട്. നിലവില്‍ പ്രിയങ്ക താമസിക്കുന്ന ലോധി എസ്‌റ്റേറ്റ് ബംഗ്ലാവില്‍ നിന്നും കോണ്‍ഗ്രസ് നേതാവിനെ മാറ്റാനുള്ള ഒരുക്കത്തിലാണ് മോദി സര്‍ക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍. 1997 മുതല്‍ ടൈപ്പ് 6 ബംഗ്ലാവിലാണ് പ്രിയങ്ക ഗാന്ധിയുടെ താമസം. സ്വകാര്യ വ്യക്തി ആയിരുന്നിട്ടും ഇവര്‍ക്ക് ബംഗ്ലാവ് അനുവദിച്ചത് എസ്പിജി സുരക്ഷ ഉള്ളത് കൊണ്ടാണ്.
വാടക നല്‍കിയാണ് ലോധി എസ്‌റ്റേറ്റ് ബംഗ്ലാവ് ഇവര്‍ ഉപയോഗിച്ച് വരുന്നത്. സര്‍ക്കാര്‍ താമസസ്ഥലങ്ങള്‍ അനുവദിക്കുന്ന നിയമങ്ങള്‍ 2015ല്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. ഇതിന് പുറമെ പ്രിയങ്കയുടെയും, സോണിയ, രാഹുല്‍ ഗാന്ധിമാരുടെയും എസ്പിജി സുരക്ഷയും 2019ല്‍ നീക്കി. ഇതോടെ സ്വകാര്യവ്യക്തിയായ പ്രിയങ്കയ്ക്ക് സര്‍ക്കാര്‍ താമസം അനുവദിക്കേണ്ടതില്ല.
രാഹുലും, സോണിയയും പാര്‍ലമെന്റ് അംഗങ്ങളെന്ന ബലത്തില്‍ സര്‍ക്കാര്‍ താമസത്തില്‍ തുടരുമ്പോഴാണ് പ്രിയങ്കയുടെ വസതി നഷ്ടമാകുന്നത്. ഇത് ഒഴിവാക്കാനാണ് രാജ്യസഭ സീറ്റില്‍ ഇവരെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.