ജയസൂര്യ നിലപാട് തിരുത്താതിനു പിന്നിലും ‘രാഷ്ട്രീയ അജണ്ട’ ഇടതിനെതിരെ താരത്തെയും ‘ആയുധമാക്കി’ പ്രതിപക്ഷം

പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാനിരിക്കെ ഇടതുപക്ഷവും വലതുപക്ഷവും നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് കളമൊരുങ്ങിയിരിക്കുന്നത്. സി.പി.എം ചിഹ്നത്തിൽ മത്സരിക്കുന്ന ജയ്ക്ക് സി തോമസും കോൺഗ്രസ്സിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന ചാണ്ടി ഉമ്മനും തമ്മിലുളള നേർക്കു നേർ പോരാട്ടത്തിൽ ബി ജെ പി മത്സരിക്കുന്നത് നിലവിലുള്ള വോട്ടെങ്കിലും നിലനിർത്താനാണ്. ആം ആദ്മി പാർട്ടിക്കും ഇതുവരെ മണ്ഡലത്തിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല.

യു.ഡി.എഫിന്റെയും ഇടതുപക്ഷത്തിന്റെയും സംസ്ഥാനത്തെ പ്രധാന പ്രവർത്തകരും നേതാക്കളും തമ്പടിച്ച് പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പായതിനാൽ റെക്കോർഡ് പോളിങ്ങ് നടക്കാനുള്ള സാധ്യതയും കൂടുതലാണ്. ഉമ്മൻചാണ്ടി ഇഫക്ടിൽ ഇത്തവണയും വിജയിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ്സ് നേതൃത്വം കരുതുന്നത്. സഹതാപ തരംഗം സൃഷ്ടിക്കാൻ ഉമ്മൻ ചാണ്ടിയുടെ മരണവും വിലാപയാത്രയും ഒരിക്കൽ കൂടി സജീവമാക്കി നിർത്താനാണ് അവർ ശ്രമിക്കുന്നത്. അരലക്ഷത്തിന് അടുത്ത് ഭൂരിപക്ഷമാണ് കോൺഗ്രസ്സ് നേതാക്കൾ അവകാശപ്പെടുന്നത്.

പുറത്തു വരുന്ന അഭിപ്രായ സർവേകളും അവരുടെ പ്രതീക്ഷകൾക്ക് ആത്മവിശ്വാസം നൽകുന്നതാണ്. അരലക്ഷത്തിനും മീതെയാണ് ചില ഓൺലൈൻ മാധ്യമങ്ങൾ പുറത്തുവിട്ട സർവേയിൽ പറയുന്ന ഭൂരിപക്ഷം. ഇനി വരാനിരിക്കുന്ന സർവേകളിലും യു.ഡി.എഫ് മേൽക്കോയ്മ പ്രകടമാകുമെന്നതും വ്യക്തം. കാരണം ഈ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ മാധ്യമങ്ങളുടെയും പിന്തുണ യു.ഡി.എഫ് സ്ഥാനാർത്ഥിക്കാണ് ഉണ്ടായിരുന്നത്. നിഷ്പക്ഷ മാധ്യമ പ്രവർത്തനം അന്യമായ നാട്ടിൽ ഇതും ഇതിനപ്പുറവും സംഭവിച്ചാലും അത്ഭുതപ്പെടാനില്ല.

അഭിപ്രായ സർവേകൾ, നല്ലൊരു ശതമാനം വോട്ടർമാരെയും സ്വാധീനിക്കുമെന്നു, അതുവഴിയും വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്നുമാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ കരുതുന്നത്. അതായത് വിജയിക്കാൻ ആവശ്യമായതെന്തും എടുത്തിട്ട് പ്രയോഗിക്കുക എന്ന തന്ത്രത്തിൽ യു.ഡി.എഫ് ബഹുദൂരം മുന്നോട്ട് പോയി കഴിഞ്ഞു. എന്തിനേറെ നടൻ ജയസൂര്യയുടെ പ്രതികരണം പോലും പുതുപ്പള്ളിയിലാണ് ഏറ്റവും ശക്തമായി ഉന്നയിക്കപ്പെട്ടിരിക്കുന്നത്. കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് എന്ന രൂപത്തിൽ മന്ത്രിമാരെ വേദിയിൽ ഇരുത്തി ജയസൂര്യ നടത്തിയ പരാമർശം അത്ര നിഷ്കളങ്കമായി ഒരിക്കലും കാണാൻ സാധിക്കുകയില്ല.

പുതുപ്പള്ളി തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കേ ബോധപൂർവ്വം നടത്തിയ പ്രതികരണമായി തന്നെ ഇതിനെയും കാണേണ്ടതുണ്ട്. ആരുടെ തിരക്കഥ പ്രകാരമാണ് ആ പരിപാടിയിൽ അദ്ദേഹം സംസാരിച്ചത് എന്നതും വ്യക്തമാണ് ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിയിൽ നിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജയസൂര്യ സംസ്ഥാന സർക്കാറിനെയും കൃഷി വകുപ്പിനെയും വിമർശിച്ചിരിക്കുന്നത്. ജയസൂര്യയുടെ ആരോപണത്തിന്റെ മുനയൊടിച്ച് മന്ത്രി തന്നെ രംഗത്ത് വന്നിട്ടും പറഞ്ഞത് മാറ്റി പറയാൻ ജയസൂര്യ തയ്യാറായിട്ടില്ല.

കാരണം പുതുപ്പള്ളി തിരഞ്ഞെടുപ്പ് കഴിയും വരെ ഈ വിഷയം കത്തിച്ചു നിർത്തേണ്ടത് ജയസൂര്യയുടെ കൂടി ആവശ്യമാണ്. അങ്ങനെ തന്നെ വിലയിരുത്തുന്നതാണ് ഉചിതമാകുക. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പക്ഷം പിടിച്ചു പറയുന്നതല്ലെന്നും കർഷകർക്കൊപ്പമാണ് താനെന്നും പറയുന്ന ജയസൂര്യ നാളിതുവരെ കർഷകരുടെ ഒരു പ്രശ്നത്തിലും ഇടപെട്ടിട്ടില്ലന്നതും നാം തിരിച്ചറിയണം. കേന്ദ്ര സർക്കാറിന്റെ കർഷക നയങ്ങൾ കർഷകരുടെ ജീവിതത്തിനു മേൽ കരിനിഴൽ വീഴ്ത്തിയപ്പോൾ രാജ്യ തലസ്ഥാനത്ത് വൃദ്ധരായ കർഷകർ ഉൾപ്പെടെയാണ് തെരുവിൽ ഇറങ്ങിയിരുന്നത്.

മലയാളി കർഷകർ ഉൾപ്പെടെ പങ്കെടുത്ത ആ സമരത്തോട് അനുഭാവം പ്രകടിപ്പിക്കാനോ കേന്ദ്ര സർക്കാറിനെ വിമർശിക്കാനോ തയ്യാറാകാത്ത നടനാണ് ജയസൂര്യ. 358 ദിവസം നീണ്ടു നിന്ന കർഷക സമരത്തിനിടെ 719 കർഷകരാണ് മരണപ്പെട്ടിരുന്നത് എന്നതും ജയസൂര്യ ഓർക്കണം. ആ സമരത്തിന്റെ മുന്നണി പോരാളികളായി നില കൊണ്ടിരുന്നവരാണ് കമ്യൂണിസ്റ്റുകൾ. ഈ ചരിത്രം ജയസൂര്യ മറന്നാലും കർഷകർ മറക്കുകയില്ല. കേന്ദ്ര സർക്കാറിനോട് ഒരു നയം കേരള സർക്കാറിനോട് മറ്റൊരു നയം എന്ന ജയസൂര്യയുടെ നിലപാട് തന്നെ ഇരട്ടതാപ്പാണ്.

സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാൽ തിരുവോണ ദിനത്തിൽ പല കർഷകരും ഉപവാസ സമരത്തിലാണെന്നും പുതിയ തലമുറ കൃഷിയിൽ താൽപ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നും പറഞ്ഞ ജയസൂര്യയ്ക്ക് അദ്ദേഹം ചൂണ്ടിക്കാട്ടിയ കൃഷ്ണപ്രസാദ് എന്ന കർഷകന് പണം നൽകിയതുൾപ്പെടെയുള്ള കണക്കുകൾ നിരത്തിയാണ് കൃഷി മന്ത്രി മറുപടി പറഞ്ഞിരുന്നത്. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നട്ടെല്ലാണ് ഇവിടുത്തെ കർഷകർ.

കർഷകർക്കും കർഷക തൊഴിലാളികൾക്കും വേണ്ടി കമ്യൂണിസ്റ്റു പാർട്ടികൾ നടത്തിയ പോരാട്ടമൊന്നും രാജ്യത്ത് മറ്റൊരു പാർട്ടിയും നടത്തിയിട്ടില്ല. ചോരയിൽ എഴുതിയ പോരാട്ട ചരിത്രമാണത്. അതുപോലെ തന്നെയാണ് കർഷക സമൂഹത്തോടുള്ള ഇടതുപക്ഷ സർക്കാറുകളുടെ കരുതലും ഉണ്ടായിരിക്കുന്നത്. അത് ഇ.എം.എസിന്റെ കാലത്തെ ആദ്യ കമ്യൂണിസ്റ്റു മന്ത്രിസഭ മുതൽ ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാർ വരെ പ്രകടവുമാണ്. ഇനി ജയസൂര്യയുടെ അറിവിലേക്കായി മറ്റുചില കാര്യങ്ങൾ കൂടി പറയാം. നെല്ലിന്റെ താങ്ങുവിലയായി കേന്ദ്ര സർക്കാർ കേരളത്തിന്‌ നൽകാനുള്ളത്‌, 637.7 കോടി രൂപയാണ്. അതേസമയം സംഭരണവിലയായി കർഷകർക്ക്‌ നൽകാനുള്ളതാകട്ടെ 250 കോടി രൂപ മാത്രവുമാണ്. കേന്ദ്രം നൽകേണ്ട തുക കിട്ടുമെന്ന പ്രതീക്ഷയിലാണ് ആ തുകകൂടി ചേർത്ത് സംസ്ഥാനം വിതരണംചെയ്തു വരുന്നത്.

കേന്ദ്രം കുടിശ്ശിക വരുത്തിയ തുക ലഭിക്കുന്നതിനായി നിരവധി കത്ത്‌ അയച്ചെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ തുക ലഭിച്ചിരുന്നെങ്കിൽ ബാങ്ക്‌ കൺസോർഷ്യത്തിൽനിന്നുള്ള വായ്‌പ എടുക്കാതെ തന്നെ കർഷകർക്ക്‌ പണംനൽകാൻ കഴിയുമായിരുന്നു എന്നതും ജയസൂര്യ അറിയണം. കർഷകരോട് ആത്മാർത്ഥത ഉണ്ടെങ്കിൽ കേരളത്തിൽ നിന്നും 19 എംപിമാരുള്ള കോൺഗ്രസ്സിനോടും ഇവിടെ നിന്നുള്ള കേന്ദ്ര മന്ത്രിയോടും പറഞ്ഞ് പണം ലഭ്യമാക്കാനാവശ്യമായ ഇടപെടലാണ് ജയസൂര്യ നടത്തേണ്ടിയിരുന്നത്. അതല്ലാതെ ക്ഷണിച്ച സദസ്സിൽ വച്ച് , അപമാനിച്ച് പോകുകയല്ല വേണ്ടിയിരുന്നത്.

2022-23 സീസണിൽ 7.31 ലക്ഷം ടൺ നെല്ലാണ്‌ സപ്ലൈകോ സംഭരിച്ചിരുന്നത്‌. ഇതിന്റെ വിലയായി നൽകേണ്ടിയിരുന്നത്‌ 2070.71 കോടി രൂപയാണ്. അതിൽ 1820.71 കോടി രൂപയും നൽകിയിട്ടുണ്ട്. ബാങ്ക് വായ്പ ലഭിക്കാൻ കാലതാമസം നേരിട്ടതോടെ, സർക്കാർ അനുവദിച്ച 180 കോടി രൂപയിൽനിന്നും 50,000 രൂപവരെ കിട്ടാനുള്ള ചെറുകിട കർഷകരുടെ മുഴുവൻ തുകയും നൽകി കഴിഞ്ഞു. കൂടുതൽ തുക ലഭിക്കാനുള്ള കർഷകർക്ക്‌ അവർക്ക് ലഭിക്കാനുള്ള തുകയുടെ 28 ശതമാനവും കൊടുത്തിട്ടുണ്ട്. ഈ ഓണത്തിനുമുമ്പേ തന്നെ ആ നടപടിക്രമവും പൂർത്തിയാക്കിയിട്ടുണ്ട്.

253 കോടി രൂപയാണ്‌ പിആർഎസ്‌ വായ്‌പയായി നൽകാൻ ബാങ്ക്‌ കൺസോർഷ്യവുമായി ധാരണയുണ്ടാക്കിയിരുന്നത്‌. തുടർന്ന് എസ്ബിഐ, കനറാ ബാങ്കുകളുമായി ധാരണപത്രവും ഒപ്പിടുകയുണ്ടായി. ഓണത്തിനു മുമ്പുതന്നെ മുഴുൻ തുകയും കർഷകർക്ക് ലഭിക്കാൻ ഭക്ഷ്യ വകുപ്പും നടപടി സ്വീകരിച്ചിരുന്നു. കനറാബാങ്ക്, 4000 കർഷകർക്കായി 38.32 കോടിയാണ് നൽകിയിരുന്നത്. എസ്‌ബിഐ 42 ലക്ഷം രൂപയും നൽകുകയുണ്ടായി. വെള്ളിയാഴ്‌ച മുതൽ മറ്റു കർഷകർക്കും തുക ലഭിക്കുന്നുണ്ട്.

കർഷകരുടെ വായ്‌പകൾക്കെല്ലാം ഗ്യാരന്റിയും പലിശയും നൽകുന്നതും സംസ്ഥാന സർക്കാറാണ്. കേന്ദ്ര സർക്കാർ നൽകുന്ന താങ്ങുവിലയ്‌ക്കൊപ്പം, സംസ്ഥാന സർക്കാർ നൽകുന്ന 7.80 തുകകൂടി ചേർത്ത്‌, 28.20 രൂപയ്‌ക്കാണ്‌ സപ്ലൈകോ നെല്ല്‌ സംഭരിക്കുന്നത്‌. ഇത്‌ രാജ്യത്തെ തന്നെ ഉയർന്ന വിലയാണെന്നതും , എടുത്ത് പറയേണ്ട കാര്യമാണ്. ഇടതുപക്ഷത്തോടുള്ള കലിപ്പിൽ ഇതെല്ലാം മറച്ച് വച്ചാണ് ജയസൂര്യ സർക്കാറിനെ വിമർശിച്ചിച്ചിരിക്കുന്നത്. പുതുപ്പള്ളി അജണ്ട 2 – ആയി ഈ വിമർശനം വിലയിരുത്തപ്പെടുന്നതും അതു കൊണ്ടു തന്നെയാണ്.

EXPRESS KERALA VIEW

Top