തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലന്‍സിന് ലഭിക്കുന്ന പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് അനുമതി വാങ്ങണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ.
ഇത് സംബന്ധിച്ച ഉത്തരവ് ഡയറക്ടര്‍ എല്ലാ യൂണിറ്റുകള്‍ക്കും കൈമാറി. മന്ത്രിമാര്‍, ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരായ പരാതിയില്‍ കേസെടുക്കുന്നതിന് മുന്‍പ് കൃത്യമായ പരിശോധനകള്‍ നടത്തണമെന്നും അല്ലാത്തപക്ഷം കോടതി വിധിയുടെ ലംഘനമാകുമെന്നും ബെഹ്‌റയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വന്‍കിട അഴിമതി ആരോപണങ്ങളില്‍ കേസെടുക്കുന്നതിന് മുന്‍പും അനുമതി വാങ്ങണമെന്ന് ഉത്തരവില്‍ പറയുന്നു.
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്ന കാലത്ത് രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസുകളില്‍ സര്‍ക്കാരിന് കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു. അഴിമതി കേസുകള്‍ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കരുതെന്നും കോടതി വിജിലന്‍സിനെ ഓര്‍മിപ്പിച്ചിരുന്നു. സംസ്ഥാനത്ത് വിജിലന്‍സ് രാജാണെന്ന ഹൈക്കോടതി പരാമര്‍ശത്തോടെ സര്‍ക്കാര്‍ ജേക്കബ് തോമസിനെ കൈവിട്ടു. മുന്‍മന്ത്രി ഇ.പി.ജയരാജന്‍ രാജിവച്ച ബന്ധുനിയമന കേസിലും വിജിലന്‍സിന് തിരിച്ചടിയുണ്ടായതോടെ ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് എത്തിയത്.