പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രം നിരോധിക്കണമെന്ന് ലോക് നാഥ് ബെഹ്‌റ

loknath behra

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകള്‍ ചൂണ്ടിക്കാട്ടി സംഘടന നിരോധിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡിജിപിമാരുടെ വാര്‍ഷിക യോഗത്തില്‍ കേരളത്തിന്റെ പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ജനുവരിയില്‍ മധ്യപ്രദേശില്‍ നടന്ന യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഡിജിപി വിശദമായി സംസാരിച്ചിരുന്നു. ഇതു സംബന്ധിച്ച വിവരം ദേശീയ ദിനപത്രമായ ‘ദ ഹിന്ദു’ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്ങും പങ്കെടുത്ത യോഗത്തില്‍ രാജ്യത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തിരകുന്നു. ഈ യോഗത്തില്‍വെച്ച് പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം ശക്തമായി ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രം പരിശോധിക്കുകയാണെന്ന് കിരണ്‍ റിജിജു വ്യക്തമാക്കി. എന്തായാലും സംഘടനക്കെതിരെയുള്ള തെളിവുകളും വസ്തുതകളും പരിശോധിച്ചശേഷം മാത്രമേ നിരോധനം നിലവില്‍ വരികയുള്ളൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചതായും ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യത്തെകുറിച്ച് ഹിന്ദു ലേഖികയോട് പ്രതികരിക്കാന്‍ ബെഹ്‌റ തയ്യാറായില്ല.

Top