ഉന്നത തസ്തികകളില്‍ 90 % സ്വദേശിവത്കരണവുമായി ബഹ്‌റൈന്‍

മനാമ: ബഹ്‌റൈനില്‍ സ്വദേശിവത്കരണം ശക്തമാക്കാനുള്ള തീരുമാനവുമായി അധികൃതര്‍. ഉന്നതതസ്തികകളില്‍ 90 % സ്വദേശിവത്കരണമാണ് ലക്ഷ്യമിടുന്നത്. 2019 മുതല്‍ 66 സ്വദേശികളെ മുനിസിപ്പാലിറ്റി, നഗരകാര്യ, പൊതുമരാമത്ത് മന്ത്രാലയത്തിലെ ഉന്നത തസ്തികകളില്‍ നിയമിച്ചതായി മന്ത്രി ഇസ്സാം ഖലാഫ് പറഞ്ഞു.

ഇടത്തരം, ഉയര്‍ന്ന സ്ഥാനങ്ങളിലെ ഭരണപരമായ ചുമതലകളില്‍ 90 ശതമാനവും സ്വദേശികളെ നിയമിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. വകുപ്പ് തലവന്മാരുടെയും യൂണിറ്റ് മേധാവികളുടെയും തസ്തികകള്‍ സ്വദേശികള്‍ക്ക് നല്‍കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

പൊതുമേഖലയിലെ പ്രധാന സ്ഥാനങ്ങള്‍ സ്വദേശികള്‍ക്ക് നല്‍കി അവരെ ശാക്തീകരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. പുതുതായി ജോലിയില്‍ പ്രവേശിപ്പിച്ച സ്വദേശി എഞ്ചിനിയര്‍മാര്‍ക്ക് വേണ്ട പരിശീലനം നല്‍കി അടിസ്ഥാന സൗകര്യം, റോഡുകള്‍, സാനിറ്ററി ഡ്രെയിനേജ്, പൊതു പാര്‍ക്കുകള്‍, ഗാര്‍ഡനുകള്‍ എന്നിവയുടെ നിര്‍മ്മാണ മേല്‍നോട്ടം ഏറ്റെടുക്കാന്‍ പ്രാപ്തരാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top