യാത്രക്കാര്‍ക്കുളള കൊവിഡ് നടപടികള്‍ പുതുക്കി ബഹ്‌റൈന്‍

മനാമ: ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ ഏര്‍പ്പെടുത്തി ബഹ്‌റൈന്‍. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കുമുള്ള നടപടിക്രമങ്ങള്‍ പുതുക്കിയിട്ടുണ്ടെന്ന് ബഹ്‌റൈന്‍ നാഷണല്‍ മെഡിക്കല്‍ ടീം ടാക്ലിങ് കൊവിഡ്- 19 അറിയിച്ചു.

ഏപ്രില്‍ 27 ചൊവ്വാഴ്ച മുതലാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും കൊവിഡ് പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. സര്‍ട്ടിഫിക്കറ്റില്‍ ക്യുആര്‍ കോഡും ഉണ്ടായിരിക്കേണ്ടതാണ്. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പുള്ള സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

ബംഗ്ലാദേശ് എംബസി കണക്കുകള്‍ പ്രകാരം, ബഹ്‌റൈനില്‍ നിലവില്‍ 450,000 മുതല്‍ 500,000 വരെ ഇന്ത്യക്കാരും 120,000 പാകിസ്ഥാനികളുമാണ് താമസിക്കുന്നത്. 150,000 ബംഗ്ലാദേശികളും ബഹ്‌റൈനിലുണ്ട്. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്ന എല്ലാ യാത്രക്കാര്‍ക്കും നേരത്തെ പ്രഖ്യാപിച്ച നടപടിക്രമങ്ങള്‍ക്ക് പുറമെ പുതിയ മാര്‍ഗനിര്‍ദേശങ്ങളും ബാധകമാണെന്ന് സംഘം കൂട്ടിച്ചേര്‍ത്തു.

Top