കൊറോണ; പരിചരണത്തിന് ഇനി റോബോര്‍ട്ടുകള്‍, വികസിപ്പിക്കാനൊരുങ്ങി ചൈന

ബെയ്ജിംഗ്: കൊറോണ വൈറസ് ദിനംപ്രതി ലോകരാജ്യങ്ങളില്‍ പടര്‍ന്ന് പിടിക്കുകയാണ്. ഇവ പടരുന്നതോടൊപ്പം ജന മനസ്സുകളില്‍ ആശങ്ക സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. എന്നാല്‍ ഇവയെ മറികടക്കുന്നതിനുള്ള നൂതന ആശയങ്ങള്‍ വികസിപ്പിക്കാനൊരുങ്ങുകയാണ് ചൈന.

കൊറോണ രോഗി പരിചരണത്തിന് റോബോട്ടുകളെ രംഗത്തിറക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അതിനായി വുഹാനിലെ ആശുപത്രിയില്‍ പരീക്ഷണം ആരംഭിച്ച് കഴിഞ്ഞു. പരീക്ഷണം വിജയിച്ചാല്‍ മനുഷ്യകരസ്പര്‍ശം ഇല്ലാതെ രോഗിപരിചരണം സാധ്യമാക്കാം.

കൊറോണ ബാധിച്ച രോഗികളെ പരിചരിക്കുന്ന അവസ്ഥ ഓരോ ഡോക്ടര്‍മാരെ സംബന്ധിച്ചിടത്തോളം വളരെ ധീരമായ പ്രവര്‍ത്തനമാണ്. ശ്വാസതടസമുള്ള രോഗികള്‍ക്ക് ശ്വാസനാളികളില്‍ ട്യൂബുകളടക്കമുള്ളവ സ്ഥാപിക്കേണ്ടിവരുന്നു. ഈ പരിചരണം ഡോക്ടര്‍മാരുടെ ജീവനും അപകടമായി മാറും എന്ന ചിന്തയില്‍ നിന്നാണ് സാങ്കേതിക സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ സെങ് ഗാങ്ടിയും സംഘവും റോബോട്ടിക്ക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്.

ആഴ്ചകളോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രക്കൈ നിര്‍മ്മാണം സംഘം പൂര്‍ത്തിയാക്കി. രോഗിയെ ക്യാമറയിലൂടെ തിരിച്ചറിയുന്ന റോബോട്ടിന് മനുഷ്യസഹായം ആവശ്യമില്ല. ശരീരോഷ്മാവ് പരിശോധിക്കുക, മരുന്ന് നല്‍കുക, ശ്വാസനാളി വൃത്തിയാക്കുക തുടങ്ങിയവ ചെയ്യുന്നതിനൊപ്പം സ്വയം അണുവിമുക്തമാകാനും റോബോട്ടിന് സാധിക്കും.

ബഹിരാകാശ പര്യവേഷണത്തിന് ഉപയോഗിക്കുന്ന റോബോട്ടിക് വിദ്യ പരിഷ്‌കരിച്ചാണ് ഈ റോബോട്ടിന്റെ പിറവി.

Top