ബീജിങ്ങ്: തുല്യമായ ജോലിക്ക് തുല്യമായ വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് ബി.ബി.സിയുടെ ചൈന എഡിറ്റര്‍ കാരി ഗ്രേസി സ്ഥാനമൊഴിഞ്ഞു. തനിക്കു തുല്യമായ പദവിയിലിരിക്കുന്ന പുരുഷ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന വേതനം തനിക്ക് ലഭിക്കുന്നില്ലെന്നാണ് ഗ്രേസി പറയുന്നത്.
ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന പുരുഷ ജീവനക്കാര്‍ക്ക് അതേ സ്ഥാനം വഹിക്കുന്ന സ്ത്രീകളേക്കാള്‍ അഞ്ചു മടങ്ങാണ് കൂടുതല്‍ ശമ്പളമെന്നും അവര്‍ ആരോപിക്കുന്നു. ബി.ബി.സിയുടെ നാല് അന്താരാഷ്ട്ര എഡിറ്റര്‍മാരില്‍ രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണുള്ളത്, അതിലൊരാളാണ് കാരി ഗ്രേസി. വര്‍ഷാവസാനം ഫണ്ട് വിവരക്കണക്കുകള്‍ ബി.ബി.സി വെളിപ്പെടുത്തിയപ്പോള്‍ പുരുഷസഹപ്രവര്‍ത്തകര്‍ക്ക് സ്ത്രീകളേക്കാള്‍ 50 ശതമാനത്തിലേറെ ശമ്പളം കൂടുതലാണെന്ന് ഗ്രേസി വെളിപ്പെടുത്തിയിരുന്നു.
30 വര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തെ കുറിച്ചുള്ള തന്റെ വിശ്വാസം നഷ്ടമായെന്നും, സ്ഥാപനത്തില്‍ തുല്യതയില്ലെന്നും ഗ്രേസി ആരോപിക്കുന്നു. ശമ്പള വര്‍ധനവ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പുരുഷ സഹപ്രവര്‍ത്തകരുടെ ശമ്പളത്തേക്കാള്‍ താഴെയാണ് അതെന്നും അതിനാല്‍ താന്‍ ഈ പദവി ഒഴിയുകയാണെന്നും ഗ്രേസി പറയുന്നു.