ജാഗ്രത, രോഗലക്ഷണം പോയാലും കൊറോണ ശരീരത്തിലുണ്ടാകും !

ബെയ്ജിങ്: ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മെഡിക്കല്‍ലോകം കിണഞ്ഞ് പരിശ്രമിക്കുകയാണ് ഇതിനിടയിലെ ചില റിപ്പോര്‍ട്ടുകളും ആശങ്കയ്ക്ക് കാരണമാകുന്നു.

കൊറോണ ബാധിച്ച്‌ ചികിത്സ തേടിയവരില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലാതായതിനു ശേഷവും ശരീരത്തില്‍ വൈറസ് ബാധ തുടരുന്നുവെന്ന പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ വംശജന്‍ അടക്കമുള്ളവര്‍ നടത്തിയ പഠനത്തില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെട്ടത്.

രോഗലക്ഷണങ്ങള്‍ ഇല്ലാതായിട്ടും എട്ടു ദിവസങ്ങളോളം ചിലരില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി. അതിനാല്‍ രോഗമുക്തി നേടിയവരെ 14 ദിവസമോ അതില്‍ കൂടുതലോ കര്‍ശനമായി ഐസൊലേഷനില്‍ തന്നെ ഇരുത്തേണ്ടത് അത്യാവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.

ജനുവരി 28 മുതല്‍ ഫെബ്രുവരി ഒമ്പത് വരെ ചൈനീസ് സൈന്യത്തിന്റെ കീഴിലുള്ള കൊറോണ രോഗികളെ ചികിത്സിക്കുന്ന കേന്ദ്രത്തിലാണ് ഇവര്‍ പഠനം നടത്തിയത്. ഇവിടെ നിന്ന് 16 രോഗികളെയാണ് ഇവര്‍ നിരീക്ഷണവിധേയരാക്കിയത്. 35 വയസ് പ്രായമുള്ള കൊറോണ വൈറസ് ബാധ ഗുരുതരമാകാത്തവരായിരുന്നു രോഗികള്‍. ഇവരില്‍ രോഗലക്ഷണങ്ങള്‍ വളരെ കുറച്ച് മാത്രമേ അനുഭവപ്പെട്ടിരുന്നുള്ളു. രോഗം മാറിയെന്ന അനുമാനത്തിലെത്തിയ ഈ രോഗികളില്‍ പകുതിയോളം ആളുകളില്‍ നിന്നും വൈറസ് പൂര്‍ണമായും ഒഴിഞ്ഞുപോയിട്ടില്ലെന്ന് പരിശോധനയില്‍ പിന്നീട് വ്യക്തമായതായി ഗവേഷക സംഘത്തിലുള്ള ഇന്ത്യന്‍ വംശജന്‍ ലോകേഷ് ശര്‍മ പറയുന്നു.

ഇവരുടെയെല്ലാം തൊണ്ടയില്‍ നിന്നുള്ള സ്രവങ്ങള്‍ ശേഖരിച്ച് പരിശോധിച്ചാണ് ഇവര്‍ കണ്ടെത്തല്‍ നടത്തിയത്. അതേസമയം രോഗം ഭേദമായെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടാണ് ഇവരെ ഡിസ്ചാര്‍ജ്‌ ചെയ്തിരുന്നത്. വിവിധ മരുന്നുകളാണ് ഇവരില്‍ പ്രയോഗിച്ചത്. നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ക്കൊഴികെ ബാക്കിയുള്ളവര്‍ക്കെല്ലാം വൈറസ് ബാധിച്ച് അഞ്ച് ദിവങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമായി.

പനി, ചുമ, ശരീര വേദന, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയവയാണ് ഇവര്‍ പ്രകടിപ്പിച്ചിരുന്ന ലക്ഷണങ്ങള്‍.എട്ടു ദിവസത്തോളം ഇവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നു. രോഗലക്ഷണങ്ങള്‍ അവസാനിച്ചതിന് ശേഷം ഒന്നുമുതല്‍ എട്ടു ദിവസത്തോളം ഇവരില്‍ പലരിലും വൈറസ് സാന്നിധ്യം ഉണ്ടായിരുന്നു.
അതിനാല് താരതമ്യേന തീവ്രത കുറഞ്ഞ ലക്ഷണങ്ങള്‍ വന്നവര്‍ രണ്ടാഴ്ചയെങ്കിലും രോഗലക്ഷണങ്ങള്‍ അവസാനിച്ചാലും വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ തുടരണം. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനാണ് ഇങ്ങനെ ചെയ്യേണ്ടതെന്നും ഇവര്‍ പറയുന്നു.

രോഗം തീവ്രമാകാത്തവരില്‍ മാത്രമാണ് ഈ പരിശോധന നടന്നിട്ടുള്ളത്. അതിനാല്‍ പ്രായമായവര്‍, പ്രതിരോധ ശക്തി കുറയ്ക്കാനുള്ള മരുന്നുപയോഗിച്ചിരുന്നവര്‍ എന്നിവരില്‍ എന്ത് ഫലമാകും കാണിക്കുകയെന്ന് വ്യക്തമല്ല. ഇക്കാര്യങ്ങളില്‍ കൂടുതല്‍ ഗവേഷണം വേണ്ടിവരുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Top