കൊറോണ; മരിച്ചവരുടെ എണ്ണം 1,868 ആയി, 72,436 പേര്‍ക്ക് സ്ഥിരീകരിച്ചു

ബെയ്ജിംഗ്: കൊറോണ വൈറസ് ഓരോ ദിവസം ചെല്ലുന്തോറും വര്‍ധിച്ച് വരികയാണ്. ഇപ്പോഴിതാ ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,868 ആയി ഉയര്‍ന്നു. തിങ്കളാഴ്ച മാത്രം 98 പേര്‍ക്കാണ് രോഗം ബാധിച്ചത്. 72,436 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 1,800ഓളം ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

വൈറസിനെ നേരിടുന്നതിന് വേണ്ട അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ചൈനയ്ക്ക് എല്ലാ സഹായവും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈനയിലേക്ക് മെഡിക്കല്‍ സാമഗ്രികള്‍ ഉടന്‍ അയയ്ക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി വിക്രം മിസ്‌റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഞായറാഴ്ച ചൈനീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് മിസ്റി ഇക്കാര്യം വ്യക്തമാക്കിയത്. മെഡിക്കല്‍ മാസ്‌കുകള്‍, കയ്യുറകള്‍, സ്യൂട്ടുകള്‍ എന്നിവ ആവശ്യമാണെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവയ്ക്ക് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ആവശ്യകത കൂടിയതോടെ ചൈനയില്‍ മാസ്‌കുകള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെട്ടിരുന്നു. അതിനാല്‍ഇത്തരം സാമഗ്രികളടക്കമുള്ളവയാകും ഇന്ത്യ ചൈനയ്ക്ക് കൈമാറുക.

രോഗം പടരുന്നതു തടയാനായി ഹുബൈയ് പ്രവിശ്യയിലെ ആറു കോടിയോളം പേര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ കാറുകള്‍ നിരോധിച്ചു. വളരെ അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ വീടിനു പുറത്തിറങ്ങാവൂ എന്നും മൂന്നു ദിവസം കൂടുമ്പോള്‍ ഓരോ വീട്ടില്‍നിന്ന് ഓരോരുത്തര്‍ക്ക് അത്യാവശ്യ സാധനങ്ങളും ഭക്ഷണവും വാങ്ങാന്‍ പുറത്തിറങ്ങാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top