ബെയ്‌റൂട്ട്: ബെയ്‌റൂട്ടിലുണ്ടായ ഉഗ്രസ്‌ഫോടനത്തിനു പിന്നില്‍ ബോംബാക്രമണമോ ബാഹ്യ ഇടപെടലോ ഉണ്ടോയോയെന്നു പരിശോധിക്കുമെന്ന് ലെബനന്‍ പ്രസിഡന്റ് മിഷേല്‍ ആവോണ്‍. സ്‌ഫോടനം സംഭവിച്ചതെങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. ബാഹ്യ ഇടപെടലിനുള്ള സാധ്യതയുണ്ട്. അപകടമാണോ അനാസ്ഥയാണോ കാരണമായതെന്നതും അന്വേഷിക്കുമെന്ന് മിഷേല്‍ ആവോണ്‍ പറഞ്ഞു. നിലവില്‍ 16 പേര്‍ കസ്റ്റഡിയിലുണ്ട്.
അതേസമയം, സ്‌ഫോടനം സംബന്ധിച്ചു സ്വതന്ത്രാന്വേഷണം വേണമെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ ആവശ്യപ്പെട്ടു. ആക്രമണസാധ്യത പൂര്‍ണമായി തള്ളുന്നില്ലെന്ന് യുഎസ് പറഞ്ഞിരുന്നു. അതേസമയം, ചൊവ്വാഴ്ചത്തെ സ്‌ഫോടനത്തില്‍ മരണം 154 ആയി. അവശിഷ്ടങ്ങള്‍ക്കിടയിലെ തിരച്ചിലുകള്‍ തുടരുന്നു. യുഎന്‍ ഏജന്‍സികള്‍ സൗജന്യഭക്ഷണപ്പൊതികളും മരുന്നുകളും വിതരണം ചെയ്യുന്നുണ്ടെങ്കിലും ആശുപത്രികള്‍ അടക്കം തകര്‍ന്നടിഞ്ഞ നഗരത്തിലെ സ്ഥിതി ദയനീയമാണ്.