കെന്റക്കി (യുഎസ്) : അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്ന വനിതാ വിമോചകയും എഴുത്തുകാരിയും ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ ഗ്ലോറിയ ജീൻ വാട്കിൻസ് (ബെൽ ഹുക്സ്–69) അന്തരിച്ചു. കറുത്തവർഗക്കാർക്കു വേണ്ടി നടത്തിയ പോരാട്ടങ്ങളും ധൈഷണിക സംഭാവനകളുമാണ് ബെൽ ഹുക്സിനെ ശ്രദ്ധേയയാക്കിയത്. എഴുത്തിലെ ഉള്ളടക്കത്തിലാണ് കാര്യം, പേരിലല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് മുതുമുത്തശ്ശിയുടെ പേരായ ബെൽ ഹുക്സ് ആണ് തൂലികാ നാമമായി ഉപയോഗിച്ചത്.
കഴിഞ്ഞ വർഷം ജോർജ് ഫ്ലോയിഡ് എന്ന കറുത്തവർഗക്കാരനെ വിലങ്ങുവച്ച് നിലത്തുകിടത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് ഉയർന്ന പ്രക്ഷോഭത്തിന് കരുത്തുപകർന്നതിൽ ബെൽ ഹുക്സിന്റെ ഇടപെടലുകളും എഴുത്തും പ്രധാന പങ്കുവഹിച്ചു.
വംശീയത, ഫെമിനിസം, ലിംഗനീതി, സംസ്കാരം, സാഹിത്യവിമർശനം തുടങ്ങി നിരവധി വിഷയങ്ങളിലായി പരന്നുകിടക്കുന്നതാണ് അവരുടെ പുസ്തകങ്ങൾ. കലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് സാഹിത്യത്തിൽ പിഎച്ച്ഡി നേടിയതിനു പിന്നാലെ 1981 ലാണ് ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചത്. വിവിധ സർവകലാശാലകളിൽ അധ്യാപികയായി. 40 പുസ്തകങ്ങൾ രചിച്ചു.