ബെലന്തൂര്‍: ബംഗ്ലദേശ് കുടിയേറ്റക്കാരെന്നാരോപിച്ച് പൊളിച്ചു നീക്കിയ മുന്നൂറോളം കുടിലുകളില്‍ കഴിഞ്ഞിരുന്നവരെ പുനരധിവസിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് ഇടക്കാല ആശ്വാസം ലഭ്യമാക്കാന്‍ രണ്ടാഴ്ചയും, പുനരധിവാസത്തിനുള്ള പദ്ധതി തയ്യാറാക്കാന്‍ രണ്ടാഴ്ചയുമാണ് കോടതി അനുവദിച്ചിരിക്കുന്നത്.
കുടിയൊഴുപ്പിച്ചതിനെതിരെ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് തൊഴിലാളികളെ പുനരധിവസിപ്പിക്കാനും, ആവശ്യമായ സഹായങ്ങള്‍ നല്‍കാനും കോടതി നിര്‍ദേശിച്ചത്. സ്ഥലമുടമയ്ക്ക് നോട്ടീസ് നല്‍കിയ ശേഷം പൊലീസ് കുടിലുകള് പൊളിച്ചു നീക്കിയതെന്നതിനാല്‍, ഇവരെ പുനരധിവസിപ്പിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന് തന്നെയാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ 18നാണ് ബെലന്തൂരിലെ കരിയമ്മന അഗ്രഹാര, ദേവരബീസനഹള്ളി, കുന്ദലഹള്ളി, എന്നിവിടങ്ങളിലെ മുന്നൂറോളം കുടിലുകള്‍ മാറത്തഹള്ളി പൊലീസും, മഹാനഗരസഭ അധികൃതരും ചേര്‍ന്ന് പൊളിച്ചുനീക്കിയത്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ തങ്ങുന്നുണ്ടെന്ന പ്രചാരണത്തെത്തുടര്‍ന്നുണ്ടായ നടപടിയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരത്തിലേറെപ്പേരാണ് പെരുവഴിയിലായത്.